കോട്ടയം: കുംഭമാസത്തിലെ തിളയ്ക്കുന്ന ചൂട് ഇത്തവണ റിക്കാർഡ് മറികടക്കുമോ? ഇന്നലെമുതൽ പകൽ താപനിലയിൽ മൂന്നു ഡിഗ്രിയുടെവരെ വർധന പ്രവചിച്ചതോടെ ജനം ആശങ്കയിലാണ്.
കാലാവസ്ഥയിൽ അനുദിനമുണ്ടാകുന്ന മാറ്റങ്ങളും ജനങ്ങളുടെ അസ്വസ്ഥത വർധിപ്പിക്കുന്നു. ഈ മാസം ആദ്യം രാത്രിയിൽ തണുപ്പും പകൽ പൊള്ളുന്ന ചൂടുമായിരുന്നു.
പിന്നീട്, കിഴക്കൻ മേഖലയിൽ മഴ പെയ്തതിനു പിന്നാലെ രാത്രിയിലെ തണുപ്പു മാറി അസഹനീയമായ ഉഷ്ണം അനുഭവപ്പെട്ടു തുടങ്ങി.
രണ്ടു ദിവസമായി രാത്രിയിൽ അത്യുഷ്ണമാണ്. ഇന്നലെ പുലർച്ചെ പലയിടങ്ങളിലും കനത്തമൂടൽ മഞ്ഞ് വന്നതും ആശങ്കയ്ക്കു കാരണമായി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം മാർച്ചിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് 2020ലാണ്.
അന്ന് മാർച്ച് 18ന് പകൽ താപനില 38.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി വരെയെത്തിയ ചൂട് ഇത്തവണ റിക്കാർഡ് മറികടന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്.
ഈ മാസം തുടങ്ങിയതുമുതൽ ജില്ലയിലെ ഉയർന്ന പകൽ താപനില 36 ഡിഗ്രിക്കു മുകളിലാണ്.
ഏതാനും വർഷമായി ജില്ലയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന മാസം മാർച്ചാണ്. ഒന്പതു വർഷമായി ചൂട് ഉയരുന്ന പ്രവണതയും കാണിക്കുന്നു.
കഴിഞ്ഞ വർഷം ഇതു 38.4 ഡിഗ്രിയായിരുന്നു. ഇത്തവണ മൂന്നാം തീയതി 38 ഡിഗ്രിയിൽ ചൂട് എത്തിയിരുന്നുവെങ്കിലും പിന്നീട് 36 – 37 ഡിഗ്രിയിൽ നിൽക്കുകയായിരുന്നു.
ശനിയാഴ്ച 37 ഡിഗ്രിയും ഇന്നലെ 36.6 ഡിഗ്രിയുമാണു കോട്ടയത്തു രേഖപ്പെടുത്തിയ ഉയർന്ന താപനില.
ചൂടിൽ തളരുന്നു
പകൽസമയത്ത് തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവർ, കെട്ടിടങ്ങുടെ മുകലിൽ ജോലി ചെയ്യുന്നവർ, ബൈക്കിൽ യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഉച്ച സമയങ്ങളിലെ യാത്ര ഒഴിവാക്കണം.
ചൂട് കത്തിക്കാളുന്നത് കാർഷിക മേഖലയേയും തളർത്തുകയാണ്. കാർഷികവിളകളെ കടുത്ത ചൂട് കാര്യമായി ബാധിച്ചു.
വാഴകൾ, പച്ചക്കറികൾ എന്നിവ കരിഞ്ഞുണങ്ങിത്തുടങ്ങി. കുരുമുളകു ചെടിയെയും ജാതിയെയും ചൂട് കാര്യമായി ബാധിച്ചു.
ചൂട് കൂടിയതോടെ നാട്ടിൽ തീപിടിത്തവും വ്യാപകമായി. ഫയർഫോഴ്സ് നിലംതൊടാതെ ഓടുകയാണ്. മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങളും ചൂടിൽ തളരുകയാണ്.
വന്യമൃഗങ്ങളിലും ചൂട് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ജലക്ഷാമം രൂക്ഷമായതോടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണ്.
പൊള്ളുന്ന വെയിലിലും തളരാതെ ട്രാഫിക് പോലീസ്
കത്തുന്ന സൂര്യനു താഴെ കുടയുടെ പോലും മറയില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരാണ് വേനൽച്ചൂടിൽ ഏറെയും ദുരിതപ്പെടുന്നത്.
പല പോലീസുകാർക്കും സൂര്യാഘാതം ഏറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. നടുറോഡിൽ വാഹനങ്ങൾക്കിടയിൽ പൊള്ളുന്ന ടാറിനു മുകളിലാണ് പോലീസുകാരുടെ നിൽപ്പ്.
ചൂട് കൂടിയതോടെ വെയിലേറ്റു ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ചെങ്കിലും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് യാ ഇളവില്ല.
രണ്ടോ മൂന്നോ ഷിഫ്റ്റുകളിലായി രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണു ട്രാഫിക് പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകുക. രാവിലെ എട്ടിനു ഡ്യൂട്ടിയിൽ കയറുന്നയാൾക്കു 11 മുതൽ രണ്ടു വരെ വിശ്രമമാണ്.
രണ്ടു മുതൽ അഞ്ചു വരെ മൂന്നു മണിക്കൂർ കൂടി ജോലി ചെയ്താൽ മാത്രമേ ഡ്യൂട്ടി കഴിയൂ. ചൂടിനെതിരെ വെള്ളം കുടിക്കുക മാത്രമാണ് പ്രതിരോധം.
സ്വന്തം പണം മുടക്കി സണ് ക്രീമും കൂളിംഗ് ഗ്ലാസും ഗ്ലൗസും വാങ്ങിയാണു ചില പോലീസുകാർ ചൂടിനെ പ്രതിരോധിക്കുന്നത്.
സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം
നേരിട്ടുള്ള സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകർച്ച വ്യാധികളും ചർമരോഗങ്ങളും വൃക്കരോഗങ്ങളുമുള്ളവർ ഒരു കാരണവശാലും വെയിൽ ഏൽക്കരുത്.
പുറത്തുപോകുന്നവർ കുട ഉപയോഗിക്കണം. പുറംജോലി ചെയ്യുന്നവർ രാവിലെ എട്ടുമുതൽ 11വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെയുമായി ജോലി സമയം ക്രമപ്പെടുത്തണം, ധാരാളം വെള്ളം കുടിക്കുക,
നിർജലീകരണം ഒഴിവാക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, കരിക്കിൻവെള്ളം ഇവ ഉപയോഗിക്കുക, കോട്ടണ് വസ്ത്രങ്ങൾ ധരിക്കുക,
വെജിറ്റേറിയൻ ഭക്ഷണം ഉപയോഗിക്കുക, മദ്യപാനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.