ആലുവ: അങ്കമാലി വേങ്ങൂരിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 21 ദിവസത്തിനുള്ളിൽ മുഖ്യപ്രതി പോലീസ് പിടിയിലായി.
തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സുനീറ മൻസിലിൽ സുനീർ മുഹമ്മദ് (30)ആണ് പിടിയിലായത്. സഹായികളായ രണ്ട് പേർ ഒളിവിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കവർച്ച ചെയ്ത സ്വർണത്തിൽ 22 പവൻ തിരുവനന്തപുരത്തെ പണയ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തതായി ആലുവ എസ്പി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം കടയ്ക്കൽ പ്രിയ സദനത്തിൽ കൊപ്ര ബിജു എന്ന് വിളിക്കുന്ന ബിജു വിശ്വനാഥൻ (40), സഹായം നൽകിയെന്ന് സംശയിക്കുന്ന കടയ്ക്കൽ സ്വദേശി പ്രവീൺ എന്നിവരാണ് ഒളിവിൽ കഴിയുന്നത്.
ഫെബ്രുവരി 21നാണ് കേസിനാസ്പാദമായ സംഭവം നടന്നത്. വിശ്വജ്യോതി സ്കൂളിന് സമീപം എംസി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പുതുവൽകണ്ടത്തിൽ പി.പി. തിലകന്റെ വീട്ടിലെ സ്വർണാഭരണങ്ങളാണ് കവർന്നത്.
തിലകനും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധന തൊഴാൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് കവർച്ച നടന്നത്. പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് രാത്രി 10.45ന് വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. മോഷ്ടിച്ച സ്വർണം പലർക്കായിട്ടാണ് വിറ്റത്.
22 പവൻ സ്വർണം വാങ്ങിയത് നെടുമങ്ങാട് പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ തിരിച്ചെടുത്ത് വിൽപ്പന നടത്തുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സംഘത്തിനാണ്. ഈ സ്വർണമാണ് റിക്കവറി ചെയ്തത്.
മോഷണ വസ്തുവാണെന്ന് അറിഞ്ഞാണോ ഇവർ സ്വർണം വാങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിലായ പ്രതികൾ വലയിലായാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
ഭാര്യയും മകളും വിട്ടുപോയി
ആലുവ: കവർച്ച കേസിൽ പിടിയിലായ മുഖ്യപ്രതി സുനീർ മുഹമ്മദ് മോഷണം ആരംഭിച്ചത് വീടിനടുത്തെ സ്പെയർ പാർട്ട്സ് കട പൊളിഞ്ഞതിന് ശേഷം. പോലീസ് പിടിയിലായി ജയിലിലായപ്പോൾ ഭാര്യയും മൂന്ന് വയസുള്ള മകളും സുനീറിനെ ഉപേക്ഷിച്ച് പോയി.
2015ലായിരുന്നു ആദ്യ കവർച്ച. ജയിലിൽ വച്ച് പരിചയപ്പെട്ട കൊപ്ര ബിജുനൊപ്പം മോഷണം നടത്തുകയാണ് ചെയ്യുന്നത്. വീട് കവർച്ച കേസിൽ കൊപ്ര ബിജു പല തവണ പോലീസ് പിടിയിലായിട്ടുണ്ട്.
മോഷ്ടാക്കളെ വലയിലാക്കിയത് ശാസ്ത്രീയ അന്വേഷണങ്ങൾ
ആലുവ: പിടിയിലായത് മോഷണ രംഗത്ത് അതിവിദഗ്ധരായ മോഷ്ടാക്കളെന്ന് അന്വേഷണ സംഘം. തെളിവുകൾ എല്ലാം ഇല്ലാതാക്കി മോഷണമുതൽ അതിവേഗം പണമാക്കി മാറ്റുന്ന രീതിയാണ് ഇവർക്കുള്ളത്.
ഈ സംഘത്തിന്റെ മറ്റൊരു പ്രത്യേകത സ്ഥിരമായി അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പകരം ഏതാനും മണിക്കൂറുകൾക്ക് വീട്ടുകാർ മാറി നിൽക്കുന്ന വീടുകളാണ് ലക്ഷ്യമിടുന്നത്. സ്ഥിരമായി അടഞ്ഞുകിടക്കുന്ന വീടുകളിൽ സ്വർണം ഉണ്ടാകില്ലെന്ന നിഗമനമാണ് ഇവർക്കുള്ളത്.
കരിയില വീണു കിടക്കുകയാണെങ്കിൽ ഇവർ ആ വീട് ഒഴിവാക്കുമത്രെ. ഇത്തരം വീടുകളിലാണ് പണവും സ്വർണവും സൂക്ഷിക്കാൻ കൂടുതൽ സാധ്യതയെന്നാണ് പിടിയിലായ പ്രതി പറയുന്നത്.
വിരലടയാളം ലഭിക്കാത്ത വിധമാണ് പ്രതികൾ കവർച്ച നടത്തിയത്. അതിനാൽ ഒരു തുമ്പും കേസിൽ ലഭിച്ചില്ല. ഈ സംഭവം പോലീസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചപ്പോൾ സമാന കേസുകളും പ്രതികളുടെ സൂചനയും ചില ഉദ്യോഗസ്ഥർ നൽകി.
അതിലെ ഒരു പ്രതിയായ കൊപ്ര ബിജുവിന്റെ ഫോൺ കോൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. ആ കോൾ പോയ സമയത്തെ മോഷണസമയവുമായി ബന്ധപ്പെടുത്തി.
അങ്കമാലിയിൽ കറുത്ത നിറമുള്ള സ്വിഫ്റ്റ് കാർ എംസി റോഡിൽ സഞ്ചരിക്കുന്നത് പരിസരത്തേയും തിരുവനന്തപുരം വരെയുള്ള സിസി ടിവി ദൃശ്യങ്ങളിൽനിന്നു അന്വേഷണ സംഘം മനസിലാക്കുകയായിരുന്നു.
മോഷണത്തിന് ഉപയോഗിച്ച കാർ തമിഴ്നാട്ടിൽ നിന്നു വാടകയ്ക്കെടുത്തതാണ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിന് മോഷണ സമയത്ത് തമിഴ്നാട് നമ്പർ ആണ് ഉപയോഗിച്ചത്.
കാർ ബിജുവിന്റെ കൈവശമാണ്. വിൽപ്പന നടത്തി കിട്ടിയ പണം ഇരുപ്രതികളും വീതം വച്ചെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷം ബാക്കി സ്വർണവും മറ്റ് പ്രതികളെയും കണ്ടെത്തുമെന്നും എസ്പി പറഞ്ഞു.
ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്ഐ ജി. അരുൺ, എഎസ്ഐ പ്രമോദ്, ഉദ്യോഗസ്ഥരായ റോണി അഗസ്റ്റ്യൻ, സലിൻകുമാർ, ജീമോൻ, പ്രസീൻരാജ്, വിനോദ്, ബെന്നി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.