സി.ഫസൽ ബാബു
കോഴിക്കോട്: പോലീസിന്റെ കണ്ണുവെട്ടിച്ച്ഡ്രൈവിംഗിനിടെ ഫോണ്ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ അപകടത്തിലേക്ക് വഴിയൊരുക്കുന്നു. സണ്‍ഗ്ലാസിൽ ഫിറ്റ് ചെയ്ത ബ്ലൂടൂത്ത് ഇയർഫോണാണ് വൻ ഡിമാന്റിൽ വിറ്റഴിക്കുന്നത്. സണ്‍ഗ്ലാസ് ധരിച്ചശേഷം ഹെൽമെറ്റ് കൂടിധരിച്ചാൽ പിന്നെ യാതൊരു നിലയ്ക്കും ഇത് കാണാൻ കഴിയില്ല. ആവശ്യാനുസരണം ഫോണിൽ സംസാരിക്കുകയുമാവാം.
ന്യൂജൻ പിള്ളേരുടെ ഇടയിൽ ഇത്തരം സണ്‍ഗ്ലാസ് വ്യാപകമായിട്ടുണ്ട്.പൊതുവേ റോഡിൽ യാതൊരു നിയമവും പാലിക്കാതെ “ചെത്തുന്ന’ പിള്ളേരുടെ കയ്യിൽ ഇതും കൂടിയെത്തുന്പോൾ അപകടസാധ്യതയും ഏറെയാണ്. അടുത്ത കാലത്തായി രൂപമാറ്റം വരുത്തിയ ബൈക്കുകൾ റോഡിൽ വർധിച്ചുവരികയും വലിയ രീതിയിൽ അപകടങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടയ്ക്കാണ് വിലസുന്നവർക്ക് അനുഗ്രഹമായി ഈ സണ്‍ഗ്ലാസ് ഇയർഫോണ്‍ കൂടി എത്തുന്നത്. വിദേശത്തുനിന്നും എത്തുന്നവർ വഴിയും ഓണ്‍ലൈൻ വഴിയുമാണ് ഈ സംവിധാനം കേരളത്തിലെത്തുന്നത്. 2500 രൂപ മുതലാണ് വില.