തൊടുപുഴ: വേനൽച്ചൂട് ക്രമാതീതമായി ഉയരുന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ പകൽസമയം പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്.
നഗരപരിധിയിലാണ് അസഹനീയമായ ചൂട് അനുഭവപ്പെടുന്നത്. കനത്ത ചൂട് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനും സാധ്യതയേറി. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ ഗൃഹനാഥന് സൂര്യാതപമേറ്റിരുന്നു.
ഇതോടെ വെയിലത്ത് കൂടുതൽ സമയം ജോലിയെടുക്കുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ചൂട് അധികരിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വർധിച്ചു.
ഫാനോ എസിയോ ഇല്ലാതെ രാത്രി കാലങ്ങളിൽ വീടുകളിൽ കഴിയാൻവയ്യാത്ത സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ ഇലക്ട്രോണിക്സ് കടകളിൽ ഫാനുകൾക്കും എസിക്കും എയർകൂളറുകൾക്കും ഫ്രിഡ്ജിനും ആവശ്യക്കാർ വർധിച്ചു.
ഇത്തവണ പതിവിലും നേരത്തെ ചൂടു കൂടിയതിനാൽ ഇപ്പോൾ തന്നെ ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതായി വ്യാപാരികൾ പറയുന്നു. സാധാരണ മധ്യവേനലവധിക്കാലത്തും മറ്റുമാണ് ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയേറുന്നത്.
അന്തരീക്ഷ താപനില ഉയർന്നതോടെ ശീതളപാനീയകടകളിലും തിരക്കേറിത്തുടങ്ങി. ജ്യൂസും ഷെയ്ക്കും ഐസ്ക്രീമും കഴിക്കാനായി പകലും രാത്രികാലങ്ങളിലും ആളുകൾ കുടുംബസമേതം തന്നെ ശീതളപാനീയ കടകളിൽ എത്തിത്തുടങ്ങി.
വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും അന്തരീക്ഷ താപനില ഉയരുന്നതുമൂലം സംഭവിക്കാമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
അതിനാൽ കടുത്ത വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. സൂര്യാതപമേറ്റെന്ന് സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക, ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക, പഴങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.
വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ഇടയ്ക്കിടക്ക് തണലിൽ വിശ്രമിക്കുകയും ചെയ്യണം.
ഉച്ചയ്ക്കു 12 മുതൽ മൂന്നു വരെയുള്ള സമയം വിശ്രമത്തിനു മാറ്റി വയ്ക്കുക. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. കട്ടികുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
കാറ്റ് കടന്ന് ചൂട് പുറത്തു പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.ചൂട് കൂടുതലുള്ള സമയത്ത് തുറസായ സ്ഥലത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കുക എന്നി മുൻകരുതലുകളും സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.