തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പകൽ താപനിലയിൽ തിങ്കളാഴ്ച മൂന്ന് ഡിഗ്രി വരെ വർധനവുണ്ടാകാൻ സാധ്യയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും വേണം.
നിർജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറങ്ങളിലുള്ള കട്ടികുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണം.
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം, നിർമാണ തൊഴിലാളിൽ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങിയവർ ആവശ്യമായ വിശ്രമം എടുക്കുവാനും ധാരാളമായി വെള്ളം കുടിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരും ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും നിർബന്ധമായും ശ്രദ്ധിക്കണമെന്നും അധികൃർ അറിയിച്ചു.