പള്‍സര്‍ സുനിയും സംഘവും അഞ്ചോളംപേരെ ബ്ലാക്ക്‌മെയില്‍ ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു സംവിധായകരുടെ ഭാര്യമാര്‍വരെയുണ്ടെന്നാണു സൂചന. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്നതുകൊണ്ടും മാനഹാനി ഭയന്നും ഉപദ്രവശ്രമങ്ങള്‍ നടിമാരും ബന്ധപ്പെട്ടവരും പുറത്തറിയിക്കാതിരിക്കുകയായിരുന്നു. ഇതു പ്രതികള്‍ക്കു കൂടുതല്‍ തട്ടിപ്പുകള്‍ നടത്താന്‍ പ്രേരണയായി എന്നതാണ് പോലീസിന്റെ വിലയിരുത്തല്‍.
മുഖംമറച്ചു കാറില്‍ കയറിയ സുനിയെ തിരിച്ചറിഞ്ഞ നടി കരഞ്ഞു കാലുപിടിച്ചിട്ടും ഉപദ്രവം തുടരുകയായിരുന്നു. ഇതൊരു ക്വട്ടേഷന്റെ ഭാഗമാണെന്നും സഹകരിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആജ്ഞ. ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവമല്ലെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. എന്നാല്‍, ഉപദ്രവങ്ങള്‍ക്കു ശേഷം നടിയെ സുരക്ഷിതമായി വിട്ടയച്ചെങ്കിലും മാനഹാനി ഭയന്നു പോലീസില്‍ പരാതി നല്‍കില്ലെന്നായിരുന്നു അക്രമി സംഘത്തിന്റെ വിശ്വാസം. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കാണിച്ചുനടിയില്‍നിന്നു ലക്ഷങ്ങള്‍ വാങ്ങാമെന്നും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പിറ്റേന്നു തമ്മനത്തു കാണാമെന്നും പറഞ്ഞാണ് സംഘം പിരിഞ്ഞത്.
നടന്‍ ലാല്‍, നിര്‍മാതാവ് ആന്റോ ജോസഫ്, പി.ടി തോമസ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ സംഭവമറിഞ്ഞെത്തി പോലീസില്‍ ശക്തമായി ഇടപെട്ടതു ക്വട്ടേഷന്‍ സംഘത്തിനു തിരിച്ചടിയായി. ഇതില്‍നിന്നു രക്ഷപ്പെടാനാണു സംഭവസമയത്ത് ഉപയോഗിച്ചതെന്ന നിലയില്‍ വെളുത്ത മൊബൈല്‍ ഫോണ്‍ അങ്കമാലിയിലെത്തി അഭിഭാഷകനെ ഏല്‍പ്പിച്ചു സുനിയും സംഘവും മുങ്ങിയത്.
എന്നാല്‍, സുനി കൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണല്ല കോടതിയില്‍ സമര്‍പ്പിച്ചതെന്ന് മണികണ്ഠന്റെ മൊഴിയില്‍നിന്നു പോലീസിനു വ്യക്തമായിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരനും പ്രതിയുമായ പള്‍സര്‍സുനിയുടെ അറസ്റ്റിനുശേഷം മാത്രമായിരിക്കും മറ്റു തലങ്ങളിലേക്ക് പോലീസിന്റെ അന്വേഷണം വ്യാപിപ്പിക്കുക. നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ട ഗതികേടുവരെ ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ കേസുകളിലേതുപോലെ രാഷ്ട്രീയ നേതാക്കളെയും മക്കളെയും ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കുന്നുണ്ട്.