പഴുതടച്ചുള്ള നടപടി! നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായി; അന്വേഷണ തലവൻ ഉന്നതതലയോഗം വിളിച്ചു

bhavana1

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണ തലവനായ ഐജി ദിനേന്ദ്ര കശ്യപ് ഇന്ന് വൈകിട്ട് ഉന്നതതലയോഗം വിളിച്ചു. കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായ സാഹചര്യത്തിലാണ് അന്വേഷണ തലവൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നത്. ആലുവ പോലീസ് ക്ലബിലാണ് യോഗം.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുന്ന കാര്യവും യോഗം പരിഗണിക്കും. എല്ലാ വിധത്തിലുമുള്ള പരിശോധന കഴിഞ്ഞ ശേഷം പഴുതടച്ചുള്ള നടപടിയാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പടെയുള്ള തെളിവുകളും ദിലീപ്, നാദിർഷ, അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം വിലയിരുത്തും.

അതേസമയം കേസിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ യോഗത്തിൽ പങ്കെടുക്കില്ല. സന്ധ്യ ഇന്ന് തലസ്ഥാനത്താണുള്ളത്. അതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ടി.പി.സെൻകുമാർ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് ഒരു വിവരങ്ങളും അറിയുന്നില്ലെന്നും ഇത് ശരിയല്ലെന്നും സെൻകുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥാനമേറ്റ പുതിയ ഡിജിപി ലോക്നാഥ് ബെഹ്റ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ ഐജിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Related posts