കൊച്ചി: ജയിലിൽ ഫോണ് ഉപയോഗിച്ച കേസിൽ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ചോദ്യംചെയ്യലിനോട് സഹകരിച്ചുതുടങ്ങിയതായി സൂചന. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധിയിൽ ലഭിച്ചിരിക്കുന്ന സുനി പോലീസിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിത്തുടങ്ങിയെന്നാണു വിവരം. ജയിലിൽനിന്നു നാദിർഷയേയും നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ചതു പണം ആവശ്യപ്പെടാനാണെന്നും ഫോണ് എത്തിച്ചതു സഹതടവുകാരനായ വിഷ്ണുവിന്റെ സുഹൃത്ത് മഹേഷ് വഴിയാണെന്നും സുനി പോലീസിനോട് വ്യക്തമാക്കിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ.
ചെരുപ്പ് തുളച്ച് അതിനുള്ളിൽ ഒളിപ്പിച്ചാണു ഫോണ് എത്തിച്ചതെന്നും വെളിപ്പെടുത്തിയത്രേ. ഇതേത്തുടർന്നു വിഷ്ണുവിന്റെ സുഹൃത്തായ മഹേഷിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇയാൾ ഒളിവിലാണെന്നാണു വിവരം. ഫോണ് തമിഴ്നാട് സേലം സ്വദേശിയുടേതാണെന്നു കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. സിം കാർഡിന്റെ ഉടമയായ സാമിക്കണ്ണിൽ നിന്നുള്ള വിവരം വച്ച് കോയന്പത്തൂരിലെ കോളജിൽ പഠിക്കുന്ന മകനുവേണ്ടിയാണു ഫോണ് വാങ്ങിയതെന്നും വ്യക്തമായിരുന്നു. എന്നാൽ, പിന്നീട് സുഹൃത്തായ ശരവണപ്രിയനു ഫോണ് കൈമാറിയെന്നു സാമികണ്ണന്റെ മകൻ മൊഴി നൽകിയിട്ടുണ്ട്. ശരവണപ്രിയൻ കഴിഞ്ഞ ഒക്ടോബറിൽ കോയന്പത്തൂരിൽ വച്ച് ഈ ഫോണ് കളവു പോയെന്ന് അറിയിച്ചു.
ഏപ്രിൽ പത്തു മുതൽ ഈ ഫോണ് കാക്കനാട് ജയിലിന്റെ പരിധിലായിരുന്നു എന്നുള്ളതിന്റെ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. പൾസറിനുപുറമേ സഹതടവുകാരനായ സുനിൽ ജയിലിനുള്ളിലും പുറത്തിറങ്ങിയശേഷവും ഇതേ ഫോണ് ഉപയോഗിച്ചിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സുനിയുടെ കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി കോടതി ഇന്നു പരിഗണിക്കും. കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സുനിയുടെ കസ്റ്റഡി ഒഴിവാക്കണമെന്ന ആവശ്യത്തിൽ പ്രതിഭാഗം ഹർജി നൽകിയിരിക്കുന്നത്. സുനിയെ ചോദ്യം ചെയ്യലിന്റെ ഭാഗമായി പോലീസ് ക്രൂരമായി മർദിക്കുന്നുവെന്നായിരുന്നു ആരോപണം. ഹർജി പരിഗണിച്ച കോടതി ഇൗ വിഷയത്തിൽ ഇന്നു പോലീസിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിന്റെ ഭാഗമായി പ്രതിയെ മർദിച്ചിട്ടില്ലെന്നും കസ്റ്റഡി റദ്ദാക്കാൻ പ്രതിഭാഗം ബോധപൂർവം ശ്രമിക്കുന്നതാണെന്നമുള്ള റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കുമെന്നാണു സൂചന. ഫോണ് ഉപയോഗിച്ച കേസിലാണു കസ്റ്റഡിയിൽ വിട്ടതെങ്കിലും നടിയെ ആക്രമിച്ച കേസിലാണു പോലീസ് ചോദ്യം ചെയ്യുന്നതെന്നും തന്റെ മരണമൊഴി എടുക്കണമെന്നും ഇന്നലെ രാവിലെ സുനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ സുനിയെ പോലീസ് ക്രൂരമായി മർദിക്കാനും അപായപ്പെടുത്താനും ശ്രമിക്കുകയാണെന്നു സുനിയുടെ അഭിഭാഷകൻ ബി.എ. ആളൂരും വ്യക്തമാക്കിയിരുന്നു. ഇൻഫോപാർക്ക് സിഐയുടെ നേതൃത്വത്തിലാണു ഫോണ് വിളി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപുമായും സംവിധായകൻ നാദിർഷയുമായും ബന്ധമുള്ളവരുടെ മൊഴിയെടുക്കുന്ന നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോകുകയാണ്. മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെയും നിർമാതാവായ ആന്റോ ജോസഫിനെയും ഇന്നലെ പോലീസ് വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ, ആരും വിളിച്ചുവരുത്തിയിട്ടില്ലെന്നും സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ കാണാനാണ് എത്തിയതെന്നുമാണ് കെ.എസ്. പ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ് ആക്രമിക്കപ്പെട്ട ദിവസം നടി അഭയം തേടിയത്. ലാൽ വിളിച്ചതിനെത്തുടർന്ന് ആന്റോ സ്ഥലത്തെത്തുകയും പൾസർ സുനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ഫോണ് സുനി കട്ടാക്കി. ഇക്കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനാണു വിളിച്ചതെന്നാണു മൊഴി കൊടുത്തശേഷം ആന്റോ ജോസഫ് പ്രതികരിച്ചത്.