കൊച്ചി: താൻ ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറയാനൊരുങ്ങി ഇരയായ നടി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ നടി ഇന്നു രാവിലെ മാധ്യമങ്ങളെ കാണുമെന്നു അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു. കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കുന്നതിനാൽ മാധ്യമങ്ങളെ കാണുന്നതിനെ പോലീസ് എതിർത്തിരുന്നു. തുടർന്നാണ് നടി പത്രസമ്മേളനം മാറ്റിവച്ചത്. അടുത്തദിവസം തന്നെ നടി മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. സംഭവത്തിനുശേഷം നടി പൊതുവേദിയിൽ പ്രതികരിക്കാൻ തയാറായിരുന്നില്ല.
സംഭവത്തെക്കുറിച്ചുള്ള ഉൗഹാപോഹങ്ങൾ പരക്കുന്നതിനിടെ തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങൾ നടത്താൻ ഉദ്ദേശിച്ചാണ് നടി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. ആക്രമണത്തെത്തുടർന്നുണ്ടായ ഞെട്ടലിൽനിന്നു വിമുക്തയായ നടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് പത്രസമ്മേളനം. സിനിമയിൽ സജീവമാകുന്നതിന്റെ ഭാഗമായി പുതിയ സിനിമയുടെ ഷൂട്ടിംഗിനും നടി എത്തി. ഇന്നു കാക്കനാട് ജില്ലാ ജയിലിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കുന്നുണ്ട്.
തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കെ മാധ്യമങ്ങൾക്കു മുന്നിൽ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് കേസിനെ ബാധിക്കുമെന്നതിനാലാണ് പോലീസ് എതിർത്തത്. നടിയുടെ പുതിയ സിനിമയുടെ ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് രാവിലെ 10.30 ഒാടെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാവിലെ തന്നെ നടി പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയിരുന്നു, പ്രഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. ഫോർട്ടുകൊച്ചിയിലെ പരേഡ് ഗ്രൗണ്ടിനടുത്തുള്ള ലില്ലി സ്ട്രീറ്റിലെ വീട്ടിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.