റിയാസ് കുട്ടമശേരി
ആലുവ: കേരളത്തെ പിടിച്ചുകുലുക്കിയ ജിഷാവധക്കേസിന്റെ അന്വേഷണത്തിലുണ്ടായ സാങ്കേതിക പിഴവുകൾ കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസിനെ വലയ്ക്കുന്നു. ജിഷാവധക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും കൃത്യം നടക്കുന്പോൾ ഇയാൾ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വട്ടം കറക്കുന്നത് ദൃശ്യങ്ങൾ പകർത്തിയെന്നു പറയുന്ന മൊബൈൽ ഫോണ് കണ്ടെത്താനാകാത്തതാണ്. മുഖ്യപ്രതി പൾസർ സുനി മൊബൈലിനെക്കുറിച്ച് ദിവസേന മൊഴിമാറ്റി പോലീസിനെക്കൊണ്ട് കാനകളും കായലും അരിച്ചുപെറുപ്പിക്കുകയാണ്. അതേസമയം, കസ്റ്റഡിയിലുള്ള മുഴുവൻ പ്രതികളെയും ആലുവയിൽ പോലീസ് ചോദ്യം ചെയ്യുകയാണ്. മൊബൈൽ ഫോണ് കണ്ടെുത്തുക എന്നതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന കടന്പ.
നടി പോലീസിൽ പരാതി നൽകിയതറിഞ്ഞ് മുൻകൂർജാമ്യത്തിനായി മുഖ്യപ്രതി പൾസർ സുനി അങ്കമാലിയിലെ അഭിഭാഷകനെ സമീപിച്ചപ്പോൾ ഒരു വെളുത്ത നിറമുള്ള മൊബൈൽ ഫോണ് ഏൽപ്പിച്ചിരുന്നു. കേസിലെ പ്രധാന തെളിവെന്ന നിലയിൽ അഭിഭാഷകൻ ഈ ഫോണ് ആലുവ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പോലീസിന്റെ അപേക്ഷ പ്രകാരം ഈ ഫോണ് കോടതി കൂടുതൽ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല.
പൾസർ സുനി പിടിയിലായതോടെ ചോദ്യം ചെയ്യലിൽ നിന്നും ഫോണ് ഗിരിനഗറിലെ സെന്റ് റീത്താസ് സ്ട്രീറ്റിലെ ഒരു കാനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞതായി മൊഴി നൽകുകയായിരുന്നു. അന്നു പുലർച്ചെ തന്നെ അന്വേഷണ സംഘം സുനിയുമായി ഈ പ്രദേശത്തെ കാനകൾ മുഴുവൻ പരിശോധിച്ചെങ്കിലും ഫോണ് കണ്ടെത്താനായില്ല. അതിനിടയിൽ പ്രതിയുടെ അടുപ്പക്കാരികളായ യുവതികളിൽ ഒരാൾക്ക് ഫോണ് കൈമാറിയതായി അഭ്യൂഹമുണ്ടായതിനെ തുടർന്ന് ആ വഴിക്കും പോലീസ് അന്വേഷണം നടത്തി. ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തി കഴിഞ്ഞ ദിവസം ഫോണിനു വേണ്ടി തെരച്ചിൽ നടത്തുകയും അവിടെ നിന്നും സുനി ഉപേക്ഷിച്ചതായി കരുതുന്ന സിമ്മും മെമ്മറി കാർഡും കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതുകൂടാതെ പ്രതികൾ ഒളിവിൽ കഴിഞ്ഞ കോയന്പത്തൂരിലെ വീട്ടിലും വാഗമണ്, കോലഞ്ചേരി എന്നിവിടങ്ങളിലും ഫോണ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു. ഹൈക്കോടതിക്ക് സമീപം ഗോശ്രീ പാലത്തിൽ നിന്നും മൊബൈൽ ഫോണ് കായലിലേയ്ക്ക് എറിഞ്ഞെന്നു പറഞ്ഞതിനെ തുടർന്ന് ഇന്നലെ നാവികസേനയുടെ സഹായത്തോടെ കൊച്ചി കായലിന്റെ വിവിധ ഭാഗങ്ങളിൽ ആറുമണിക്കൂറോളം അന്വേഷണ സംഘം തെരച്ചിൽനടത്തി. ആ അന്വേഷണത്തിന്റെ ഫലവും നിരാശയിലാണ് കലാശിച്ചത്.
വിമർശനങ്ങൾക്കിടയിലും കേസിലെ പ്രധാന പ്രതികളെയെല്ലാം ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നു. കോടതി റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നുണ്ടെങ്കിലും മൊബൈൽ ഫോണിന്റെ പേരിൽ കേസിന്റെ കുരുക്കഴിക്കാനാകാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. പ്രതികളെ ആലുവ പോലീസ് ക്ലബ് ഡിവൈഎസ്പി,സിഐ ഓഫീസുകൾ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി വിവിധ ഘട്ടങ്ങളിലുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. അതേസമയം, മൊബൈൽ ഫോണ് കണ്ടെത്താനായില്ലെങ്കിലും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ പ്രകാരം പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് നിയമവിരുദ്ധരുടെ അഭിപ്രായം.