കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായുള്ള അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാൻ പോലീസ് ആലോചിക്കുന്നു. ഗോശ്രീ പാലത്തിൽ നിന്നു കായലിൽ ഒഴുക്കുള്ള ഭാഗത്തേക്ക് ഫോണ് വലിച്ചെറിഞ്ഞെന്ന പൾസർ സുനിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. കീഴടങ്ങാൻ എത്തിയപ്പോൾ ഗോശ്രീ പാലത്തിൽ നിന്നു ഫോണ് വലിച്ചെറിഞ്ഞതായാണ് സുനി മൊഴി നൽകിയത്. പോരാത്തതിനു സുനി കീഴടങ്ങാൻ എത്തിയ ദിവസം രാവിലെ ഭക്ഷണം വാങ്ങാൻ എത്തിയ കടയിലെ സ്ത്രീയോടും പ്രതികൾ കായലിലെ ഒഴുക്കുള്ള ഭാഗത്തെക്കുറിച്ച് ചോദിച്ചിരുന്നതായി അവർ മൊഴി നൽകിയിരുന്നു. പൾസർ സുനിയെയും വിജീഷിനെയും സ്ത്രീ തിരിച്ചറിയുകയും ചെയ്തു. ഇതിൽ നിന്നു ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണ് ഉപേക്ഷിക്കാനാകും പ്രതികൾ ഒഴുക്കുള്ള ഭാഗം അന്വേഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
കേസ് കോടതിയിൽ എത്തുന്പോൾ ഐടി ആക്ട് പ്രകാരമുള്ള കേസുകൾ നിലനിൽക്കുകയില്ലെങ്കിലും പ്രതികൾ കുറ്റം ചെയ്തതായി വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ പോലീസിന്റെ പക്കലുള്ളതും ഫോണ് ലഭിക്കാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നു. പ്രതികൾ പിടിയിലായിട്ട് ഇത്ര ദിവസമായിട്ടും ഫോണ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഫോണ് എറിഞ്ഞു കളഞ്ഞിരിക്കാമെന്ന സാധ്യതയിൽ പോലീസ് ഉറച്ചുനിൽക്കുന്നത്. എന്നാൽ, സുനി മൊഴിമാറ്റിപ്പറയുന്ന സാഹചര്യത്തിൽ ഇയാളെ നുണ പരിശോധന അടക്കമുള്ള ശാസ്ത്രീയമായ നടപടികളും പോലീസ് സ്വീകരിക്കും. ഇതിനുള്ള അപേക്ഷ ഉടൻ കോടതിയിൽ സമർപ്പിക്കും.
സുനി പോലീസിന്റെ പിടിയിലായിട്ട് ഒരാഴ്ച്ചയാകുകയാണ്. ഇത്ര ദിവസമായിട്ടും ഫോണിനെക്കുറിച്ചുള്ള അന്വേഷണമല്ലാതെ മറ്റൊന്നും പോലീസ് നടത്തിയിട്ടില്ല്ല. കേസിലെ ഗൂഢാലോചന സംബന്ധിച്ചൊന്നും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് സൂചന. ദൃശ്യങ്ങളുടെ പേരിൽ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം മുങ്ങിപ്പോകുന്നതായും സൂചനയുണ്ട്. കേസിൽ ഗൂഡാലോചനയുണ്ടെന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, പൾസർ സുനിയടക്കം എല്ലാ പ്രതികളും പിടിയിലായിട്ടും ഇതുവരെ ഗൂഡാലോചന സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നാണ് സൂചന. തെളിവെടുപ്പും ഫോണിനായുള്ള തെരച്ചിലും മാത്രമാണ് ഇത്രദിവസമായി നടന്നത്. അടുത്തതായി പ്രതികളുടെ കസ്റ്റഡി കാലാവധി കഴിയുന്നതിനു മുന്പ് നുണ പരിശോധന നടത്തിയതിനുശേഷം ഫോണിനായുള്ള അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനാകും പോലീസ് ശ്രമിക്കുക.
അതേസമയം സംഭവദിവസം നടി സഞ്ചരിച്ചിരുന്ന കാറിനെ ആക്രമികൾ സഞ്ചരിച്ചിരുന്ന ടെന്പോ ട്രാവലർ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ദേശീയപാതയിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇവ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. പ്രതികൾ എറണാകുളത്തുനിന്ന് തൃശൂരിലേക്ക് ട്രാവലറിൽ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വെണ്ണല, കാക്കനാട്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ കാമറകളിൽ നിന്ന് ടെന്പോ ട്രാവലറിൻറെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വെണ്ണലയിലെ പെട്രോൾ പന്പ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലെ കാമറകളിൽനിന്ന് പൾസർ സുനിയും കൂ ട്ടരും മറ്റൊരു കടയിൽ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ഈ സമയം നടി സഞ്ചരിച്ചിരുന്ന കാറും ടെന്പോ ട്രാവലറിൻറെ സമീപത്തുണ്ടായിരുന്നു. നടിയെ ഉപദ്രവിച്ചശേഷം നടിയുമായി പോകുന്ന ദൃശ്യങ്ങളാണ് കാക്കനാട് നിന്നു ലഭിച്ചത്. കൊരട്ടിയിൽ നിന്നു ട്രാവലറിൽ കാറിനെ പിന്തുടരുന്ന കൂടുതൽ ചിത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കോയന്പത്തൂരിലെയും ആലപ്പുഴയിലെയും കാമറ ദൃശ്യങ്ങൾക്കായി പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.