ആലുവ: കസ്റ്റഡിയിൽനിന്നും വാങ്ങി ദിവസങ്ങളോളം മാരത്തോണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയെങ്കിലും നടിയെ ആക്രമിച്ച കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാനാകാതെ പോലീസ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതികളായ പൾസർ സുനി, വിജേഷ് എന്നിവരെ ആലുവ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈമാസം 24 വരെ റിമാന്റ് ചെയ്തു. പിന്നീട് പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. എന്നാൽ പ്രധാന പ്രതി സുനിയുടെതെന്ന് കരുതുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സൈബർ ഫോറൻസിക് പരിശോധനകളുടെ ഫലം ഇന്നലെയും കോടതിയിൽ സമർപ്പിക്കാനായില്ല. ഇതിനിടയിൽ, നടിയെ ഉപദ്രവിച്ച് പകർത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായുള്ള സൂചനകൾ അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിരുന്നില്ല.
കേസിലെ പ്രധാന സൂത്രധാരനായ പൾസർ സുനിയാണ് അന്വേഷണ സംഘത്തെ ഏറെ പ്രതിരോധത്തിലാക്കിയത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ ഇയാളും കൂട്ടാളിയും മുൻകൂർ ജാമ്യത്തിനായി എറണാകുളത്ത് എത്തിയപ്പോൾ പോലീസ് അതിസാഹസികമായി കോടതിക്കത്ത് നിന്നും പിടികൂടുകയായിരുന്നു. പോലീസ് സേനയ്ക്ക് ഏറെ വിമർശനം ഈ ആക്ഷന്റെ പേരിൽകേട്ടിരുന്നെങ്കിലും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞതിലെ ആശ്വാസത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ, ഇവരുടെ പ്രതീക്ഷകൾ അട്ടിമറിച്ചുകൊണ്ട് പൾസർ സുനി അതിവിദഗ്ധമായി സംഭവത്തിലെ ദുരൂഹതകൾ മറച്ചുവയ്ക്കുകയായിരുന്നു. നടിയെ ഉപദ്രവിക്കുന്ന രംഗങ്ങൾ പകർത്തിയതായി സ്ഥിരീകരിച്ചെങ്കിലും മൊബൈൽ ഫോണോ മെമ്മറി കാർഡോ സുനിയുടെ സഹായത്തോടെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി സുനിയെ നുണപരിശോധനക്കു വിധേയമാക്കണമെന്ന ആവശ്യവും പ്രതിഭാഗം എതിർക്കുകയായിരുന്നു.
അതേസമയം, അന്വേഷണസംഘത്തിന് പ്രതീക്ഷയ്ക്ക് വകനൽകിയത് പ്രതികളിൽ നിന്നും കണ്ടെടുത്ത തൊണ്ടി മുതലുകളുടെ ശാസ്ത്രീയ പരിശോധനയുടെ ഫലങ്ങളെക്കുറിച്ചുള്ള സൂചനകളായിരുന്നു. സൈബർ ഫോറൻസിക് പരിശോധനയിൽ സുനി അങ്കമാലിയിലെ അഭിഭാഷകനെ ഏൽപിച്ച മൊബൈൽ ഫോണ് മെമ്മറി കാർഡിൽ കൃത്യത്തിന്റെ നിർണായക തെളിവാകുന്ന ദൃശ്യങ്ങളുണ്ടെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇന്നലെ കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രതിക്ക് എതിരായ തെളിവുകളുമായി ഈ പരിശോധന ഫലം കോടതിയിൽ സമർപ്പിക്കുമെന്നായിരുന്നു പോലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദൃശ്യങ്ങൾക്ക് കൂടുതൽ തെളിവ് നൽകാനോ, കൃത്യത്തിലെ ഗൂഢാലോചന വ്യക്തമാക്കാനോ കഴിയാതെ പ്രതി സുനിയേയും കൂട്ടാളി വിജേഷിനെയും പോലീസ് വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച ആലുവ കോടതി പരിഗണിക്കും.
അതേസമയം, കേസിന്റെ നടത്തിപ്പിനായി സുനിയും സംഘവും ആദ്യം സമീപിച്ച അഭിഭാഷകൻ പ്രതികളുമായി സംസാരിക്കണമെന്ന അപേക്ഷയുമായി കോടതി മുൻപാകെ എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് സുനി നേരത്തെ വക്കാലത്ത് നൽകുകയും മൊബൈൽ ഫോണ് ഏൽപ്പിക്കുകയും ചെയ്ത അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. പ്രതി സുനിയുടെ സമ്മതത്തോടെ പോലീസ് സാന്നിധ്യത്തിൽ കൂടികാഴ്ചയ്ക്ക് മജിസ്ട്രേറ്റ് അനുമതി നൽകി. സുനി നൽകിയ മൊബൈൽ ഫോണും മറ്റും അഭിഭാഷകൻ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിലാണ് ദൃശ്യങ്ങൾ ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇതിനെ തുടർന്ന് വക്കാലത്ത് ഒഴിഞ്ഞ് ഈ അഭിഭാഷകനും അഭിഭാഷകയായ ഭാര്യയും ഇപ്പോൾ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളാണ്. അതേസമയം സുനിയുടെ ഇപ്പോഴത്തെ അഭിഭാഷകൻ തന്നെ വിജേഷിന്റെയും വക്കാലത്ത് ഏറ്റെടുത്തു. പ്രതിഭാഗം അഭിഭാഷകരായ പ്രജീഷ് ചാക്കോ, ടെനി എന്നിവർക്കും സുനിയുമായി സംസാരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. കേസിലെ മറ്റു പ്രതികൾ ആലുവ സബ് ജയിലിൽ റിമാന്റിലായിരുന്നു. പ്രധാന പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് അറസ്റ്റിലായ ചാർളിക്ക് കോടതി ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.