പണിപാളി! പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങാനെത്തി; കോടതിയില്‍ നിന്നും ഇരുവരെയും പോലീസ് ബലമായി പിടിച്ചുകൊണ്ടു പോയി

suni1 നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങി.എറണാകുളം എസിജെഎം കോടതിയിലാണ് പള്‍സര്‍ സുനി കീഴടങ്ങിയത്. പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്കു മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇയാള്‍ കീഴടങ്ങിയതെന്നു കരുതുന്നു.

ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയുടെ കൂട്ടാളി ബിജീഷും കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. ഇവര്‍ കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ മഫ്തിയില്‍ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും ബിജീഷും കോടതിക്കുള്ളില്‍ കയറി. വിവരം അറിഞ്ഞ പോലീസുകാര്‍ ഉടന്‍ തന്നെ കൂടുതല്‍ സംഘത്തെ വിളിച്ചുവരുത്തി കോടതിക്കുള്ളില്‍ നിന്നും പ്രതികളെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതാണ് സുനിക്കും കൂട്ടാളിക്കും തിരിച്ചടിയായത്. അഭിഭാഷകരും കോടതി ജീവനക്കാരും നോക്കി നില്‍ക്കെ ബലപ്രയോഗത്തിലൂടെ ഇരുവരെയും പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

എസിജെഎം കോടതിയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന മൂന്ന് വഴിയിലും മഫ്തിയില്‍ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഹെല്‍മറ്റ് ധരിച്ച് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഉച്ചയ്ക്ക് ഒന്നോടെ കോടതിക്കുള്ളില്‍ കടന്നത്. കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകന്‍ ഇരുവരെയും തിരിച്ചറിഞ്ഞതോടെ വിവരം പോലീസിന് കൈമാറി. തുടര്‍ന്നാണ് പോലീസ് സംഘം കോടതിക്കുള്ളില്‍ കടന്ന് പ്രതിക്കൂട്ടില്‍ നിന്ന ഇരുവരെയും ബലംപ്രയോഗിച്ച് പുറത്തിറക്കിയത്. ഈ സമയം മജിസ്‌ട്രേറ്റ് ഉച്ചയൂണിന് പോയിരിക്കുകയായിരുന്നു.

പോലീസ് കോടതിക്കുള്ളില്‍ കടന്ന് ഇരുവരെയും ബലംപ്രയോഗിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരുവിഭാഗം അഭിഭാഷകര്‍ കോടതിയുടെ പ്രധാന കവാടം അടച്ചു. എന്നാല്‍ പ്രതികളെ വലിച്ചിഴച്ച് കൊണ്ടുവന്ന പോലീസുകാര്‍ വാതില്‍ ബലമായി തുറന്ന് പ്രതികളെ വാഹനത്തില്‍ കയറ്റുകയായിരുന്നു. പോലീസ് നടപടിക്കെതിരേ അഭിഭാഷകര്‍ പ്രതിഷേധിച്ചെങ്കിലും ഇത് കാര്യമാക്കാതെയാണ് പ്രതികളെ കൊണ്ടുപോയത്. അറസ്റ്റിലായ സുനിയെയും ബിജീഷിനെയും ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളെ ചോദ്യം ചെയ്യുകയാണ്.

സുനി കീഴടങ്ങുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് മഫ്തിയില്‍ കോടതി പരിസരങ്ങളിലുണ്ടായിരുന്നു. സുനിയുടെ മുന്‍കാല കേസുകളിലും ഇയാള്‍ ഒളിവില്‍ പോയ ശേഷം കോടതിയില്‍ എത്തി കീഴടങ്ങുന്നതായിരുന്നു പതിവ്. ഇതുകൂടി കണക്കിലെടുത്തായിരുന്നു പോലീസിന്റെ ജാഗ്രത. വെള്ളിയാഴ്ച രാത്രിയാണ് സുനിയും സംഘവും തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്ത സിനിമാതാരത്തെ വാഹനത്തില്‍ അതിക്രമിച്ചു കയറി ആക്രമിച്ചത്. തുടര്‍ന്ന് സംഘം ഒളിവില്‍ പോയെങ്കിലും സുനിയും ബിജീഷും ഒഴികയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ദിവസമായി ഒളിവിലായിരുന്ന സുനി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഊഹാപോഹങ്ങളും കാറ്റില്‍ പറത്തി കീഴടങ്ങാന്‍ കോടതിക്കുള്ളില്‍ കടന്ന ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞത് നേട്ടമായി.

 

Related posts