കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാക്കനാട് ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസിൽ ജാമ്യം ലഭിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സുനി ഉൾപ്പടെ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എന്നാൽ ജാമ്യം നേടിയെങ്കിലും മറ്റ് കേസുകൾ നിലവിലുള്ളതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും.
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് കാക്കനാട് ജയിലിൽ വച്ച് സുനി മൊബൈൽ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. ജയിലിൽ നിന്നും മൊബൈലിലൂടെ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിർഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു. പിന്നീട് സുനി ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നൽകിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്‍റെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.