റിയാസ് കുട്ടമശേരി
ആലുവ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിനെ തുടർന്ന് പ്രധാന പ്രതി പൾസർ സുനിയുടെ കാമുകിമാരെന്ന് തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങളും സംഭാഷണങ്ങളും വൈറലാകുന്നു. അരഡസനോളം കാമുകിമാരുണ്ടെന്ന സൂചന നൽകുന്ന സന്ദേശങ്ങൾ അശ്ലീല ചിത്രങ്ങളോടെയാണ് പ്രചരിപ്പിക്കുന്നത്. ഇതിൽ ഏറെ ഷെയർ ചെയ്യപ്പെടുന്നത് മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മ സുനിയുടെ കാമുകിയാണെന്ന തരത്തിൽലുള്ള ശബ്ദരേഖയും കാമുകിയെന്ന പേരിൽ ഒരു സീരിയൽ താരത്തിന്റെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള വാട്സാപ്പ്, ഫേയ്സ്ബുക്ക് പ്രചരണങ്ങളുമാണ്. ഇതിനെതിരെ സീരിയൽ താരം കൊല്ലം റൂറൽ വനിതാ സെല്ലിലും ചടയമംഗലം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
നവമാധ്യമങ്ങൾ വഴി അപവാദ പ്രചരണത്തിനെതിരെയുള്ള സീരിയൽ താരത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞാൻ പൾസർ സുനിയുടെ കാമുകിയല്ലായെന്ന് പരസ്യമായി മാധ്യമങ്ങൾക്കുമുന്നിൽ തുറന്നുപറയേണ്ട ഗതികേടിലാണിവർ. ഇവരുടെ ഫേയ്സ് ബുക്കിന്റെ പ്രൊഫൈൽ ചിത്രമടക്കമാണ് പ്രചരിക്കുന്നത്. ഇതിൽ നടിയുടെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ അശ്ലീല ചിത്രങ്ങളുമുണ്ട്. ഇതു വ്യാപകമായതോടെ ഫോണ്വഴിയും നിരവധി പേർവിളിച്ച് ശല്യം ചെയ്യുന്നതായിട്ടാണ് നടിയുടെ പരാതി.
നടിയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈൽ വിവരങ്ങളും മറ്റേതോ യുവതിയുടെ നഗ്നചിത്രങ്ങളുമാണ് പൾസർ സുനിയുടെ കാമുകിയെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇതുമൂലം പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നു നടി തന്നെ വ്യക്തമാക്കുകയാണ്. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് പലരും തനിക്ക് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് ഇതെല്ലാം കണ്ട് തെറ്റിദ്ധരിക്കുന്നവരുണ്ടാകും. എന്നാൽ, തനിക്ക് ഇയാളുമായിയാതൊരു ബന്ധവുമില്ലെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
നടിയുടെ പ്രൊഫൈൽ ചിത്രത്തോടുകൂടി, അശ്ലീല രംഗങ്ങൾ അടങ്ങിയ പോസ്റ്റ് സെക്സി അമ്മായി എന്ന അക്കൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട നടി, ഈ ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളെ ഫോണിൽ വിളിച്ച് തെറ്റുപറ്റിയതാണെങ്കിൽ പോസ്റ്റ് പിൻവലിക്കണമെന്നു പറഞ്ഞിരുന്നു. എന്നാൽ, അനുകൂല മറുപടി ഉണ്ടായില്ലെന്നു മാത്രമല്ല, പോസ്റ്റ് പിൻവലിക്കില്ലെന്ന വെല്ലുവിളിയുണ്ടായതായും നടി പറയുന്നു. തന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടുള്ള സീരിയൽ താരത്തിന്റെ വീഡിയോയും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.
മട്ടാഞ്ചേരി സ്വദേശിയായ ഒരു വീട്ടമ്മയെയാണ് മറ്റൊരു കാമുകിയാക്കി നവമാധ്യമങ്ങൾ ആഘോഷിക്കുന്നത്. അശ്ലീല വാട്സ് അപ്പ് ഗ്രൂപ്പുകളിലും പല ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലും ഈ വീട്ടമ്മയെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്ന ശബ്ദരേഖ സന്ദേശങ്ങളായി ഫോണുകളിൽ നിന്നും ഫോണുകളിലേക്ക് പറക്കുകയാണ്. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ചോദ്യം ചെയ്യുന്ന സമയത്ത് പോലീസിനൊപ്പം ഉണ്ടായിരുന്നയാളുടേതെന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങളാണ് വൈറലായിരിക്കുന്നത്. സുനിയും കാമുകിയായ വീട്ടമ്മയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകൾ അക്കമിട്ടാണ് മൂന്നു ഭാഗങ്ങളായി റെക്കോർഡ് ചെയ്തിട്ടുള്ള ശബ്ദരേഖയായി പ്രചരിക്കുന്നത്. പോലീസിലെ എന്റെ സുഹൃത്ത് അയച്ചുതന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പൾസർ സുനിയെക്കുറിച്ച് എന്ന തലക്കെട്ടിൽ വാട്സാപ്പിൽ ഇതു പ്രചരിക്കുകയാണ്.
അതേസമയം, പൾസർ സുനിയുടെ കാമുകിമാരെ ചോദ്യം ചെയ്തുവെന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥീരികരിക്കാത്ത വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ബ്ലാക്ക്മെയിലിംഗിലൂടെ പണം സന്പാദിച്ച് കാമുകിയുമൊത്ത് ആഡംബര ജീവിതം നയിക്കാനാണ് നടിയെ ഉപദ്രവിച്ച് ചിത്രങ്ങൾ പകർത്തിയതെന്ന സുനിയുടെ വെളിപ്പെടുത്തലുകളെ പശ്ചാത്തലമാക്കിയാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറപ്പെടാൻ തുടങ്ങിയത്.