കുമളി: പന്ത്രണ്ടു വർഷം നീണ്ട വേർപിരിയലിനും സങ്കടങ്ങൾക്കും അറുതിവരുത്തി സുനി വീട്ടിലേക്കു മടങ്ങി. രാത്രി ഏഴോടെ സുനിയും ബന്ധുക്കളും തലയോലപ്പറന്പിലെ വീട്ടിൽ എത്തിച്ചേർന്നപ്പോൾ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വൻ ജനാവലി സ്വീകരിക്കാനെത്തി. ഇളയ അമ്മാവന്റെ വീട്ടിൽ വലിയ വിരുന്നും ഒരുക്കിയിരുന്നു. ഇതു തലയോലപ്പറന്പിനു സമീപം ഇടവട്ടം കടൂക്കര ആറുപറയിൽ സുനി എന്ന സുനിൽ കുമാറിന്റെ (42) വീട്ടിലെ വർഷങ്ങൾക്കു ശേഷമുള്ള പുനഃസമാഗമത്തിന്റെ കഥ.
കുമളി അട്ടപ്പള്ളത്തെ അഗതികളുടെ കേന്ദ്രമായ അസീസി സ്നേഹാശ്രമത്തിൽ ഇന്നലെ രാവിലെ മുതൽ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു. ഇവിടെ കഴിഞ്ഞിരുന്ന സുനിയെ വീട്ടിലേക്കു കൊണ്ടുപോകാൻ വരുന്ന ബന്ധുക്കളെ സ്വീകരിക്കാനുള്ള തിരക്ക്. മദർ സിസ്റ്റർ ആൻമരിയയും സിസ്റ്റർമാരും സുനിയുടെ ഇഷ്ടകൂട്ടുകാരനായ കുക്കീസ് ബേക്കറി ഉടമ ഷാജിയും അഗതികളെ ശുശ്രൂഷിക്കുന്നതോടൊപ്പം ബന്ധുക്കളെ കാത്തിരിപ്പായിരുന്നു. മാധ്യമപ്രവർത്തകരും എത്തിയതോടെ എല്ലാവരുടെയും കണ്ണുകൾ സുനിയിലേക്കായി.
സുനിയുടെ മുഖത്ത് ബന്ധുക്കളെ കാണാനും അവരുടെ സ്നേഹസ്പർശം അനുഭവിക്കാനുമുള്ള കാത്തിരിപ്പ്. ഉച്ചയ്ക്ക് 12ഓടെ സുനിയുടെ ബന്ധുക്കളടങ്ങിയ 13 അംഗ സംഘം അസീസി സ്നേഹാശ്രമത്തിലെത്തി. വാഹനമെത്തിയപാടെ ആശ്രമ മന്ദിരത്തിന്റെ മുന്നിലേക്ക് സുനി കടന്നുവന്നു. സുനിയുടെ ചേട്ടൻ സുനീഷും അനിയൻ സുഭാഷും സഹോദരനെ വാരിപ്പുണർന്നു. പിന്നീട്, സ്നേഹ ചുംബനങ്ങളുടെയും കണ്ണീർ പൊഴിക്കലിന്റെയും നിമിഷങ്ങൾ.
സുനിയുടെ മൂത്ത അമ്മാവൻ കോട്ടയം ഡിസിസി അംഗം കെ.വി. കരുണാകരൻ സുനിക്കു മുത്തം നൽകി. അയൽവാസിയും സുനിയുടെ സുഹൃത്തുമായ കുന്നുംപുറത്ത് ബിജുമോനും ഒപ്പമുണ്ടായിരുന്നു. സുനിയുടെ മാതാവ് പരേതയായ തങ്കമ്മയുടെ സഹോദരീഭർത്താവ് വാസു, പിതൃസഹോദര പുത്രൻ മനു, സഹോദര ഭാര്യമാർ എന്നിവരടങ്ങിയ സംഘമാണ് കുമളിയിലെത്തിയത്.
എല്ലാവരെയും സ്വീകരിക്കാനും കാണാനും സിസ്റ്റർമാരും അന്തേവാസികളുമെത്തി. കുറേനേരത്തേക്കു സുനിയായി താരം. പിന്നീട് വിഭവ സമൃദ്ധമായ ഉച്ചയൂണ്. സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം വർഷങ്ങൾക്കുശേഷമുള്ള സുനിയുടെ ഭക്ഷണം. സുനിയെ തങ്ങൾ പൊന്നുപോലെ നോക്കുമെന്ന് സഹോദരങ്ങൾ. സാന്പത്തിക ശേഷിയുള്ളവരല്ല ഇവർ. കൂലിപ്പണിയാണ് ഇവരുടെ വരുമാനമാർഗം. സുനിയെ കാണാതായതിനെപ്പറ്റി പറയുന്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. മാതാവ് തങ്കമ്മ ഏഴുവർഷം മുന്പാണ് മരിച്ചത്.
മരിക്കുന്നതിന് തൊട്ടുമുന്പുവരെ അമ്മ മകനെ തിരക്കിയിരുന്നെന്ന് സുരേഷ് പറഞ്ഞു. അണ്ണാ എന്നു സുനി തന്നെ വിളിക്കുന്നതുപോലെ എപ്പോഴും ചെവിയിൽ മുഴങ്ങുമായിരുന്നുവെന്നും സുനി മടങ്ങിവരുമെന്ന് വിശ്വസിച്ചിരുന്നെന്നും എല്ലാം ദൈവത്തിന് സമർപ്പിക്കുന്നുവെന്നും സുരേഷ് പറഞ്ഞു. നന്ദി സൂചകമായി ഇവർ ആശ്രമത്തിലേക്ക് ഒരു ചാക്ക് അരിയുമായാണ് എത്തിയത്. പുതിയ ഷർട്ടും മുണ്ടും ചെരിപ്പും സുനിക്കായി ഇവർ കൊണ്ടുവന്നിരുന്നു. പഴയ വസ്ത്രങ്ങൾ മാറി പുതു വസ്ത്രങ്ങൾ ധരിച്ച് എല്ലാവർക്കും സുനിയുടെ ആശ്ലേഷം.
സഹോദരന്മാരും ബന്ധുക്കളും മൊബൈലിൽ അപൂർവ ഒത്തുചേരലിന്റെ ചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടോടെ സുനി അഗതിമന്ദിരത്തിന്റെ പടി ഇറങ്ങി. ’ദേ, നീ ബന്ധുക്കളെയും കൂട്ടി ഞങ്ങളെ കാണാൻ വരണം’ മദർ സിസ്റ്റർ ആൻമരിയ സുനിയോടു പറഞ്ഞു.
സുനിയുടെ വാഹനം കണ്മറയുന്നതുവരെ അന്തേവാസികളും സിസ്റ്റേഴ്സും നോക്കിനിന്നു. ചെറുപ്പത്തിൽ ചിക്കൻപോക്സ് പിടിപെട്ടതിനെ തുടർന്ന് സുനിയുടെ സംസാരശേഷിയും വലതുകാലിന്റെ സ്വാധീനവും നഷ്ടപ്പെട്ടിരുന്നു. മുപ്പതാം വയസിൽ നാടുവിട്ട സുനി കുമളിയിൽ അലഞ്ഞുതിരിയുന്നതിനിടെയാണ കുമളി അട്ടപ്പള്ളത്തുള്ള അസീസി ആശ്രമത്തിലെത്തിയത്.
കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിൻ പ്രൊവിൻസിലെ ഫാ. ഫ്രാൻസിസ് ഡൊമിനിക്കാണു സ്നേഹാശ്രമം സ്ഥാപിച്ചത്. സ്നേഹാശ്രമത്തിലെ അന്തേവാസികളെ ശുശ്രൂഷിക്കാനായി അച്ചൻതന്നെ സ്ഥാപിച്ച ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിട്യൂട്ട്സഭയിലെ സന്യാസികളാണ് അന്തേവാസികളെ ശുശ്രൂഷിക്കുന്നത്.
അട്ടപ്പളത്തേതടക്കം സംസ്ഥാനത്തും തമിഴ്നാട്ടിലുമായി എട്ട് ഇത്തരത്തിലുള്ള സ്ഥപനങ്ങൾ ഉണ്ട്. ആയിരം രോഗികളാണ് ഈ സ്ഥാപനത്തിൽ ഇപ്പോഴുള്ളത്. ഫാ.ഫ്രാൻസിസിന്റെ ഫോണ്: 9446827448.