കൊച്ചി: മറ്റൊരു നടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി ഉൾപ്പെടെ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. ടെന്പോ ട്രാവലറിന്റെ ക്ലീനറായ എബിൻ എന്നയാളും മറ്റൊരാളെയുമാണു സെൻട്രൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിർമാതാവ് ജോണി സാഗരികയുടെ പരാതിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി ഉൾപ്പെടെയുള്ളവർക്കെതിരെ ഇന്നലെയാണു പോലീസ കേസെടുത്തത്.
2011 നവംബറിൽ നടന്ന സംഭവത്തിൽ പൾസർ സുനി ഉൾപ്പെടെ അഞ്ചുപേർ ഉൾപ്പെട്ടിരുന്നതായാണു സൂചന. ഇതിൽ ഒരാളാണ് എബിൻ. തട്ടികൊണ്ടുപോയ വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നതായാണു പുറത്തുവരുന്ന വിവരങ്ങൾ. കോതമംഗലത്തുനിന്നുമാണ് എബിനെ പിടികൂടിയത്. അതേസമയം, രണ്ടാമത്തെയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ മറ്റുള്ളവരെ സംബന്ധിച്ച വിവരങ്ങളും പോലീസിനു ലഭിച്ചതായാണു വിവരം.
ജോണി സാഗരികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്നു സെൻട്രൽ എസ്ഐ ജോസഫ് സാജൻ വ്യക്തമാക്കി. നടി കൊച്ചിയിലുണ്ടെങ്കിൽ ഇന്നുതന്നെ മൊഴി രേഖപ്പെടുത്തുമെന്നാണു വിവരം. ഫോണ് മുഖാന്തിരം മൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും പോലീസ് തേടുന്നുണ്ട്.
നടിയുടെ ഭാഗത്തുനിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കു പോലീസ് കടക്കും. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാകും പോലീസ് നിർവഹിക്കുക. ഇന്ന് ഉച്ചയോടെ നടിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചാൽ പൾസർ സുനിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ഉച്ചകഴിഞ്ഞുതന്നെ കോടതിയിൽ സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന എബിന്റെ അറസ്റ്റും രേഖപ്പെടുത്തിയേക്കും. ’ ഓർക്കൂട്ട് ഓർമക്കൂട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെന്പോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണു കേസ്.
സംഭവ സമയത്തു പൾസർ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. എറണാകുളത്തുനിന്നു സിനിമയുടെ ലൊക്കേഷനിലേക്കു പോകവെ വാഹനത്തിന്റെ റൂട്ട് മാറിപ്പോകുന്നതു കണ്ട നടി ഭർത്താവിനെയും നിർമാതാവിനെയും അറിയിച്ചതിനെ തുടർന്നു സുനി ഇവരെ കുന്പളത്തുള്ള റമദ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഈ സമയത്ത് ഈ ഹോട്ടലിൽ നടിക്കായി മുറി ബുക്കുചെയ്തിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
അന്നു നടിയുടെ ഭർത്താവ് പരാതി പറഞ്ഞെങ്കിലും ആരും കേസിനെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്നു പോലീസ് പറയുന്നു. അന്നു നടിയുടെ കൂടെ മറ്റൊരു നടികൂടി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഇവർ യാത്ര ഒഴിവാക്കി. സുനിയെ ചോദ്യം ചെയ്തതിനിടെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ ജോണി സാഗരികയെ എറണാകുളം സെൻട്രൽ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം സുനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സിനിമാ മേഖലയിലെ കൂടുതൽപേരുടെ മൊഴിയെടുക്കുമെന്നാണു സൂചന.