ആലുവ: ചരിത്ര പ്രസിദ്ധമായ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി തന്നെ ആലുവ നഗരം ഇന്ന് ജനസാഗരങ്ങളാൽ നിറയും. അതിനിടയിലാണ് കേരളത്തെ ഇളക്കിമറിച്ച യുവ നടിക്ക് നേരെയുണ്ടായ ആക്രമണ കേസിലെ പ്രധാന പ്രതികളെ പിടികൂടി ആലുവയിൽ എത്തിച്ചത്. ശിവരാത്രി മണപ്പുറത്തേക്കുള്ള പ്രധാനവഴിയായ തോട്ടയ്ക്കാട്ടുകര – മണപ്പുറം റോഡിലുള്ള പോലീസ് ക്ലബിലാണ് കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയെയും വിജീഷിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. സിനിമരംഗവുമായി ബന്ധപ്പെട്ട കേസായതിനാൽ പ്രതികൾ ഇവിടെയുണ്ടെന്നറിഞ്ഞ് മാധ്യമസംഘങ്ങളും കാഴ്ചക്കാരായി നാട്ടുകാരും പോലീസ് ക്ലബിന് സമീപം തന്പടിച്ചിരിക്കുന്നത് ഈ വഴിയിലൂടെയുള്ള ഗതാഗതത്തിന് ഇന്നലെ മുതൽ തടസം നേരിട്ടിരുന്നു.
ബലിദർപ്പണത്തിനും മറ്റു ആവശ്യങ്ങൾക്കുമായും മണപ്പുറത്ത് വാഹനങ്ങളിൽ എത്തുന്നതിനുള്ള പ്രധാന റോഡിലാണ് ഈ തിരക്ക് ദേശീയപാത വരെ വ്യാപിക്കുന്നതിനാൽ ശിവരാത്രി ദിവസമായ ഇന്ന് ആലുവ വൻ ഗതാഗത കുരുക്കിന് ഇടയാകും. പോലീസ് ക്ലബിന്റെ വശങ്ങളിലായി വിഷ്വൽ മീഡിയകളുടെ ഒബി വാഹനുകളും പാർക്ക് ചെയ്തിരിക്കുന്നതും അടച്ചിട്ടിരിക്കുന്ന ക്ലബിന്റെ കവാടത്തിനു മുന്നിൽ കാമറകളുമായി ചാനൽ പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നതും ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.
ഇതിനിടയിൽ ചോദ്യം ചെയ്യൽ തുടരുന്നിടത്തേയ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കയറ്റിവിടുന്നതും വളരെ പ്രയത്നിച്ചാണ്. പ്രതികളെ ഇന്ന് ഉച്ചയ്ക്ക് മുൻപ് കോടതിയിൽ ഹാജരാക്കേണ്ടതുകൊണ്ട് അതിനുശേഷം തിരക്ക് കുറയും എന്ന ആശ്വാസത്തിലാണ് പോലീസ്.അതിനിടയിൽ രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായി തിരക്കേറിയ പോലീസ് ക്ലബിന്റെ ഭാഗത്തേയ്ക്ക് യൂത്ത് കോണ്ഗ്രസ്, മഹിളാ മോർച്ച പ്രവർത്തകർ മാർച്ച് നടത്തിയതും ഗതാഗതസ്തംഭത്തിന് ആക്കംകൂട്ടി. സമരക്കാരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തെ പ്രവർത്തകർ പ്രതിരോധിക്കാൻ തുടങ്ങിയത് കൂടുതൽ സംഘർഷത്തിനിടയാക്കി. ഇന്നു ചില പാർട്ടിക്കാർ പ്രതിഷേധവുമായി എത്തുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
ആവശ്യത്തിലധികം പോലീസിനെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മണപ്പുറത്തും നഗരത്തിലുമായി നേരത്തെ വിന്യസിക്കാൻ റൂറൽ ജില്ലാ പോലീസ് നിശ്ചയിച്ചിരുന്നു. അതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിലാകുകയും ഇയാളെയും കൂട്ടാളിയെയും ചോദ്യം ചെയ്യാൻ മണപ്പുറം റോഡിലുള്ള പോലീസ് ക്ലബ് തന്നെ തെരഞ്ഞെുടക്കുകയും ചെയ്തത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽഡ്യൂട്ടി ആരംഭിക്കേണ്ട പല പോലീസ് ഉദ്യോഗസ്ഥർക്കും ഇന്നലെ മുതൽ ചുമതല ഏൽക്കേണ്ടിവന്നു. ശിവരാത്രിയും പൾസർ സുനിയുമായി ഇക്കുറി ആലുവയിൽ രണ്ട് ദിവസം ഉറക്കം ഒഴിക്കേണ്ട ഗതികേടിലാണ് പോലീസുകാർ.