തൃശൂർ: തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ജില്ലയിൽ എത്ര സീറ്റു കിട്ടുമെന്നു കൃത്യമായി പറയാമെന്നും വേണമെങ്കിൽ എഴുതി വച്ചോയെന്നും ടി.എൻ. പ്രതാപൻ എംപി. കണക്കൊക്കെ എഴുതി കുടുക്കയിലിട്ടു വച്ചാൽ മതിയെന്നു മന്ത്രി വി.എസ്. സുനിൽകുമാർ.
പ്രസ്ക്ലബിൽ തദ്ദേശപ്പോര് പരിപാടിയിലാണ് ഇരുവരും വെല്ലുവിളി നടത്തിയത്.
കണക്കുകൾ നിരത്തി പറഞ്ഞ് ടി.എൻ. പ്രതാപൻ വിജയം അവകാശപ്പെട്ടപ്പോൾ അതൊന്നും നടക്കാൻ പോകുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
എന്റെ കഷണ്ടിക്കും യുഡിഎഫിന്റെ അധികാര മോഹത്തിനും ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല. തൃശൂർ കോർപറേഷനിൽ 32 സീറ്റുമായി എൽഡിഎഫ് അധികാരത്തിൽ വരും.
പ്രളയം, കോവിഡ് പ്രതിസന്ധികൾ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്ത രീതികൾ എല്ലാം ജനങ്ങൾക്കു നല്ലവണ്ണം അറിയാം. കാർഷിക മേഖലയിലും ഉത്പാദന മേഖലയിലുമൊക്കെ വൻ വളർച്ചയാണുണ്ടായിരിക്കുന്നത്.
ഇഡിയും കസ്റ്റംസുമാണ് കോണ്‍ഗ്രസിനിപ്പോൾ ഉൗർജം പകർന്നിരിക്കുന്നത്. ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് ഇവർ ചെയ്യുന്നത്.
ഇഡിയെ കാണിച്ച് തങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി. “അഴിമതിക്കെതിരെ വോട്ട്’ എന്ന മുദ്രാവാക്യം യുഡിഎഫ് ഉപേക്ഷിച്ചതെന്താണെന്നു മന്ത്രി ചോദിച്ചു.
അഴിമതിക്കെതിരെ വോട്ടു ചോദിച്ച് ജാഥ കാസർഗോഡുനിന്നു തുടങ്ങാനാകില്ല. അതാണു കാരണം. വെൽഫെയൽ പാർട്ടിയുമായി എൽഡിഎഫിന് ഒരു ബന്ധവുമില്ല.
മുന്‍പ് അവരുമായി ബന്ധമുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് ഓരോ കാലങ്ങളിൽ പലതും സംഭവിക്കും. ഇപ്പോൾ അങ്ങനെയൊന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാൽ വെൽഫെയർ പാർട്ടിക്ക് അന്തർധാരയുള്ളതു കോണ്‍ഗ്രസുമായിട്ടാണ്. ചാവക്കാട് നഗരസഭയിലും പുന്നയൂർക്കുളത്തും കയ്പമംഗലത്തുമൊക്കെ ധാരണയുള്ള കാര്യം എല്ലാവർക്കുമറിയാം.
കോർപറേഷനിൽ ബിജെപി - എൽഡിഎഫ് അന്തർധാരയുണ്ടെന്നായിരുന്നു ടി.എൻ. പ്രതാപന്റെ ആരോപണം. കഴിഞ്ഞ അഞ്ചു വർ ഷവും ഭരണം നടത്തിയതു ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ്.
ഈ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ചില രഹസ്യ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. ചില ഡിവിഷനുകളിൽ ബിജെപിയിലെ സംസ്ഥാന നേതാവിന്റെയടക്കം അസാന്നിധ്യം അതിനുദാഹരണമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ഭൂരിപക്ഷം.
അത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. തൃശൂരിൽ വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ല. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 46 സീറ്റുകൾ നേടും.
ജില്ലാ പഞ്ചായത്തിലും യുഡിഎഫ് ഭരണത്തിലെത്തും. 29 സീറ്റിൽ പത്തു സീറ്റിൽ മാത്രമേ എൽഡിഎഫിന് ജയിക്കാൻ കഴിയൂവെന്നും പ്രതാപൻ പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ മറുപടി ലഭിക്കുന്നതു വടക്കാഞ്ചേരി നഗരസഭയുടെ ഭരണം യുഡിഎഫിന് ലഭിക്കുന്നതിലൂടെയാകുമെന്നും പ്രതാപൻ പറഞ്ഞു.