കവിയും, സാഹിത്യകാരനും, അധ്യാപകനുമായ പിതാവ് കെ. ജെ. മത്തായി. നാട്ടുകാരുടെ ആരാധ്യനായ പിതാവിനെപ്പോലെ, അധ്യാപകൻ ആകണമെന്നായിരുന്നു സുനിൽ കാഞ്ഞിരപ്പള്ളിയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹം. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ സുനിലിന് മനസിലായി ഒരിക്കലും പിതാവിനെപ്പോലെ ഒരു മാതൃകാ അധ്യാപകനാകാൻ തനിക്ക് കഴിയില്ലെന്ന്. ഇപ്പോൾ, ജീവിതത്തിലല്ലെങ്കിലും, സിനിമയിൽ ഒരു അധ്യാപകനാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുനിൽ. പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂൾ എന്ന ചിത്രത്തിൽ സുനിൽ ദേവയാനിക്കൊപ്പം ഒരു മാതൃകാ അധ്യാപകനായി അഭിനയിച്ചുകഴിഞ്ഞു. മൈസ്കൂളിൽ, ദേവയാനിക്കൊപ്പം, ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രത്തെയാണ് സുനിലിന് ലഭിച്ചത്. തുടർന്ന് വി. മഹേഷ് സംവിധാനം ചെയ്യുന്നഒരു ചെറിയ ആനക്കാര്യം എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കാൻ സുനിലിന് അവസരം ലഭിച്ചുകഴിഞ്ഞു.
പിതാവ് സംവിധാനം ചെയ്ത മോഹങ്ങൾ നഷ്ടപ്പെട്ടവർ എന്ന നാടകത്തിൽ ബാലതാരമായി രംഗത്തുവന്ന സുനിൽ, കോളേജ് വിദ്യാഭ്യാസ കാലത്ത് ചില്ലകൾ എന്ന ചിത്രത്തിലൂടെ സിനിമാ താരവുമായി. തുടർന്ന്, കാണാമറയത്ത്, വിരിയും മുന്പേ കൊഴിഞ്ഞ പൂവ്, സ്ത്രീത്വം തുടങ്ങിയ ടിവി സീരിയലുകളിൽ പ്രധാന വേഷം അവതരിപ്പിച്ചു. സ്ത്രീത്വത്തിൽ, നടി ഗീതയോടൊപ്പം അവതരിപ്പിച്ച, സർക്കിൾ ഇൻസ്പെക്ടറുടെ വേഷം, സുനിലിനെ ശ്രദ്ധേയനാക്കി.മൈസ്കൂളിൽ ദേവയാനിയോടൊപ്പമുള്ള പ്രകടനം സുനിലിനെ കൂടുതൽ ശ്രദ്ധേയനാക്കുമെന്നതിൽ സംശയമില്ല. പിതാവിന്റെ തണലിൽ കലാരംഗത്ത് പിച്ച വച്ച സുനിൽ, പിതാവിന്റെ സ്വപ്നം പോലെ കലാരംഗത്ത് വളരുകയാണ്. അതിൽ സുനിൽ ആഹ്ളാദിക്കുന്നു.പാലായിൽ ശ്രേയസ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ സുനിൽ, കാഞ്ഞിരപ്പള്ളിയിലാണ് സ്ഥിരതാമസം.
-അയ്മനം സാജൻ