പറവൂർ: വീട്ടിനുള്ളിൽ ദന്പതികളേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്താൻ പോലീസ്. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പ് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണു മരിച്ചത്.
സാമ്പത്തികമായും കുടുംബപരമായും ഇവർക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാർഥ കാരണം പോലീസിനും വ്യക്തമല്ല. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
ചികിത്സാ സംബന്ധമായ ചില രേഖകൾ നശിപ്പിച്ചു കളഞ്ഞതായി പോലീസ് സംശയിക്കുന്നുണ്ട്.കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണു സുനിലിനെയും കൃഷ്ണേന്ദുവിനെ കണ്ടത്.
ആരവ് കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയ പല്ലംതുരുത്തിലെ തറവാട് വീട്ടിൽ ആക്കിയ ശേഷം സുനിലും കുടുംബവും കഴിഞ്ഞദിവസം കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടിൽ പോയിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണു തിരിച്ചെത്തിയത്.
ഈ വിവരം തറവാട്ടിൽ അറിയിക്കുകയും വെള്ളിയാഴ്ച്ച തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിൻപ്രകാരം സുനിൽ തറവാട്ടിൽ എത്തിയില്ല. ഇരുവരുടെയും ഫോണിൽ മാറിമാറി വിളിച്ചിട്ടും ആരും എടുത്തില്ല.
അമ്മയുടെ സഹോദരനും നടനുമായ കെപിഎസി സജീവ് വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്നു കോളിംഗ് ബെൽഅടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മുൻവശത്തെ വാതിൽ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല.
വാതിൽ തുറന്ന സജീവ് കണ്ടത് ഹാളിൽ സുനിൽ തൂങ്ങി നിൽക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞു പോലീസും നാട്ടുകാരും സ്ഥലത്തെത്തി.കൃഷ്ണേന്ദുവിനെയും കുട്ടിയെയും കിടപ്പ് മുറിയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിൽ കരിവാളിച്ച പാട് ഉണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.
അബുദാബിയിൽ ലിഫ്റ്റ് ടെക്നീഷ്യൻ ആയിരുന്നു സുനിൽ. കോവിഡിനെ തുടർന്നുനാട്ടിലെത്തിയ ശേഷം തിരിച്ചുപോകാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ഇന്ന് തിരിച്ചുപോകാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു കൃഷ്ണേന്ദു വീട്ടമ്മയാണ്.മൂന്നുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പച്ചാളം ശ്മാശനത്തിൽ സംസ്ക്കരിക്കും.
കൃഷ്ണേന്ദുവിന്റെ വീടിനു സമീപമുള്ള ശ്മശാനത്തിൽ മൂന്നു മൃതദേഹങ്ങൾ ഒന്നിച്ച് സംസ്ക്കരിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പച്ചാളത്ത് സംസ്ക്കാരം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്.ഏക സഹോദരൻ മിഥുൻ വിദേശത്താണ്.