മുംബൈ: ഇന്റർ കോണ്ടിനെന്റൽ ഫുട്ബോളിൽ ഇന്ത്യ ജൂണ്‍ നാലിന് കെനിയയ്ക്കെതിരേ ഇറങ്ങുന്പോൾ നായകൻ സുനിൽ ഛേത്രിയുടെ 100-ാം മത്സരമാകുമത്. ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ചൈനീസ് തായ്പെയാണ്. ഇതാകും ഇന്ത്യൻ നായകന്റെ 99-ാമത്തെ അന്താരാഷ്ട്ര മത്സരം.
മുൻ നായകൻ ബൈചുംഗ് ബൂട്ടിയയ്ക്കുശേഷം നൂറു മത്സരം തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാകും ഛേത്രി. ബൂട്ടിയ ഇന്ത്യക്കുവേണ്ടി 104 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
2005 ജൂണ്‍ 12ന് പാക്കിസ്ഥാനെതിരേയാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. 98 കളിയിൽ 56 ഗോൾ നേടിയ ഛേത്രി ഇപ്പോൾ ഫുട്ബോളിൽ സജീവമായുള്ള അന്താരാഷ്ട്ര താരങ്ങളുടെ ഗോൾ നേട്ട പട്ടികയിൽ നാലാമതാണ്.
എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതയിൽ കിർഗിസ്ഥാനെതിരേ ഗോൾ നേടിയതോടെ 54 ഗോൾ തികച്ച ഛേത്രി ഇംഗ്ലണ്ടിന്റെ മുൻ നായകൻ വെയ്ൻ റൂണിയെ (53 ഗോൾ) മറികടന്നിരുന്നു. തുടർന്ന് മ്യാൻമാർ, മക്കാവു ടീമുകൾക്കെതിരേയും ഗോൾ നേടിയതോടെ ഇന്ത്യൻ നായകന്റെ ഗോളെണ്ണം 56 ആയി.