മുംബൈ: എഎഫ്സി ഏഷ്യ കപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള ഇന്റർകോണ്ടിനെന്റൽ കപ്പ് ചാന്പ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യക്ക് വിജയത്തുടക്കം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ കരുത്തിൽ ചൈനീസ് തായ്പേയിയെ 5-0ന് ഇന്ത്യ തകർത്തു. 14, 34, 62 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ബൂട്ട് ശബ്ദിച്ചത്. ഇതോടെ ഛേത്രിയുടെ രാജ്യാന്തര ഗോൾ എണ്ണം 59 ആയി. ഇന്ത്യൻ ക്യാപ്റ്റന്റെ 99-ാം മത്സരമായിരുന്നു ഇത്.
ഉഡൻത സിംഗ് (48-ാം മിനിറ്റ്), പ്രണോയ് ഹൾഡർ (78-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലെ ശേഷിച്ച രണ്ട് ഗോളുകൾ. ജെജെ ലാൽപെഖ്വലയുടെ പാസിൽനിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ എത്തിയത്. ബോക്സിനു സെന്ററിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ തൊടുത്ത ഷോട്ടിന് ചൈനീസ് തായ്പേയിയുടെ ഗോളിക്ക് മറുപടിയില്ലായിരുന്നു.
34-ാം മിനിറ്റിൽ ജെജെയുടെ പാസിൽ ഛേത്രി രണ്ടാമതും വലകുലുക്കി. വിംഗറായ ഉഡൻത 48-ാം മിനിറ്റിൽ ഇന്ത്യയുടെ ലീഡ് 3-0 ആക്കി. അനിരുദ്ധ ഥാപ്പയുടെ പാസിൽ 62-ാം മിനിറ്റിൽ ഛേത്രി ഹാട്രിക്ക് പൂർത്തിയാക്കി.
ന്യൂസിലൻഡ്, കെനിയ എന്നിവയാണ് ചാന്പ്യൻഷിപ്പിലുള്ള മറ്റ് രണ്ട് ടീമുകൾ. ഇന്ന് കെനിയയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. തിങ്കളാഴ്ച കെനിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.