ജനിച്ച സ്ഥലം മാറിപ്പോയി, അല്ലായിരുന്നെങ്കിൽ വേറെ ലെവലാവേണ്ട താരം എന്ന് നമ്മൾ ചിലരെക്കുറിച്ചെങ്കിലും പറയാറുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ആ വിശേഷണത്തിന് സുനിൽ ഛേത്രിയോളം അർഹനായ മറ്റൊരു താരമുണ്ടാവാനിടയില്ല.
രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളിമൈതാനങ്ങളെ അടക്കിവാണശേഷം ആ അഞ്ചടി ഏഴിഞ്ചുകാരൻ അരങ്ങൊഴിയുകയാണ്.
ബൈച്ചുംഗ് ബൂട്ടിയയ്ക്കു ശേഷം ആരെന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ചോദ്യത്തിനുത്തരമായിരുന്നു ഈ സെക്കന്ദരാബാദുകാരൻ. ആത്മാർപ്പണവും അഭിനിവേശവും കൊണ്ട് ഛേത്രി കീഴടക്കിയത് കളിമൈതാനങ്ങളെ മാത്രമല്ല ആരാധകരുടെ മനസുകളെക്കൂടിയായിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന സുനിൽ ഛേത്രി ഇതിലും അർഹിച്ചിരുന്നില്ലേ എന്ന ചോദ്യമായിരിക്കും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ഓരോ ഫുട്ബോൾ ആരാധകനും സ്വയം ചോദിച്ചിട്ടുണ്ടാവുക.
സൂപ്പർതാരം എന്ന നിലയിലേക്കുള്ള ഛേത്രിയുടെ യാത്ര ഒരു യക്ഷിക്കഥ പോലെ വിചിത്രമായിരുന്നു.23 വർഷം മുന്പ് ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവീഥികളിൽനിന്ന് തുടങ്ങിയതാണാ പ്രയാണം. 2001-02 കാലഘട്ടത്തിൽ സിറ്റി ക്ലബ് ഡൽഹിയുടെ താരമായാണ് ഛേത്രിയുടെ പ്രഫഷണൽ കരിയർ ആരംഭിക്കുന്നത്.
തലമുറകളെ പ്രചോദിപ്പിച്ച ഒരു ഇതിഹാസത്തിന്റെ ആരംഭമായിരുന്നു അത്. ഇന്ത്യൻ ഫുട്ബോളിന്റെ അന്നത്തെ പതാകവാഹകനായിരുന്ന ബൈച്ചുംഗ് ബൂട്ടിയയുടെ യഥാർഥ പിൻഗാമി ആരെന്ന ചോദ്യത്തിനാണ് അന്ന് ഉത്തരമായത്.
2005ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഛേത്രി ബൂട്ടിയയുടെ ശിക്ഷണത്തിൽ വളരെയധികം മെച്ചപ്പെട്ടു. 2011ൽ ബൂട്ടിയ വിരമിച്ചതിനു ശേഷമാണ് ക്യാപ്റ്റനായതെങ്കിലും അതിനു മുന്പുതന്നെ ഛേത്രിയുടെ നേതൃപാടവം തെളിഞ്ഞിരുന്നു.
2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015, 2021, 2023 വർഷങ്ങളിലെ സാഫ് ചാന്പ്യൻഷിപ്പുകൾ എന്നിവയെല്ലാം ഛേത്രിയെന്ന ഫുട്ബോളറിന്റെയും നായകന്റെയും മികവിന്റെ ദൃഷ്ടാന്തങ്ങളായി.
നിരവധി വ്യക്തിഗത പുരസ്കാരങ്ങളും ഛേത്രിയെ തേടിയെത്തി. ഏഴു തവണയാണ് രാജ്യത്തെ മികച്ച ഫുട്ബോളറിനുള്ള പുരസ്കാരം ഛേത്രിയെ തേടിയെത്തിയത്. 2011ൽ അർജുന അവാർഡ്, 2021ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന അവാർഡ് എന്നിവയും മികവിനുള്ള ആദരമായി.
23 വർഷം നീണ്ട പ്രഫഷണൽ കരിയറിൽ ഇന്ത്യൻ ഫുട്ബോളിലെ വന്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും മുതൽ ബംഗളൂരു എഫ്സി വരെയുള്ള ക്ലബുകൾക്കായി ഛേത്രി ബൂട്ടണിഞ്ഞു.
ഇതിനിടയിൽ മേജർ സോക്കർ ലീഗ് ക്ലബ് കൻസാസ് സിറ്റി വിസാർഡ്സ്, പോർച്ചുഗലിലെ സ്പോർട്ടിംഗ് സിപി തുടങ്ങിയ വിദേശ ക്ലബ്ബുകളിലും താരം പന്തു തട്ടി.
365 ക്ലബ് മത്സരങ്ങളിൽനിന്ന് 158 ഗോളുകളാണ് ഛേത്രി അടിച്ചുകൂട്ടിയത്. രാജ്യാന്തര ഫുട്ബോളിലേക്കെത്തുന്പോൾ ഛേത്രിക്ക് കരുത്തു കൂടുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്. 150 മത്സരങ്ങളിൽനിന്ന് 94 ഗോളുകളാണ് ഛേത്രിയിൽനിന്ന് പാഞ്ഞുപോയി ഗോൾവല ഭേദിച്ചത്.
ലോകത്തെ സജീവ ഫുട്ബോളർമാരിൽ ഗോൾ നേട്ടത്തിൽ മൂന്നാമനാണ് ഛേത്രി. ഒന്നും രണ്ടും സ്ഥാനത്ത് ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണെന്ന് അറിയുന്പോഴാണ് ഛേത്രിയുടെ മഹത്വം കൂടുതൽ വെളിവാകുന്നത്. അതേസമയം അവരേക്കാൾ മികച്ച ഗോൾ ശരാശരിയും ഛേത്രിക്കുണ്ടെന്നത് ശ്രദ്ധേയം.
ഛേത്രിയുടെ വിടവാങ്ങൽ ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറെ ഹൃദയഭേദകമായ കാര്യമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി നിലകൊണ്ട താരമാണ് ജൂണ് ആറിന് കുവൈറ്റിനെതിരേ നടക്കുന്ന മത്സരത്തോടെ ബൂട്ടഴിക്കുന്നത്.
രാജ്യത്തെന്പാടുമുള്ള ആയിരക്കണക്കിന് ഫുട്ബോളർമാരെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ച ശേഷമാണ് ഈ ചെറിയ മനുഷ്യൻ കളംവിടുന്നത്. എന്നിരുന്നാലും ബൂട്ടിയയുടെ പിൻഗാമിയായി വന്ന ഈ മനുഷ്യന്റെ പിൻഗാമിയെന്ന് എല്ലാ അർഥത്തിലും പറയാൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ ഒരു താരമില്ലെന്നത് ആരാധകരെയാകെ നിരാശരാക്കുന്നു.
പി.കെ. ബാനർജിയും ചുനി ഗോസാമിയും ശൈലൻ മന്നയും മുതൽ ഐ.എം. വിജയനും ബൈച്ചുംഗ് ബൂട്ടിയയും വരെ അടങ്ങുന്ന ഇതിഹാസനിരയിൽ വളരെ നേരത്തെ സ്ഥാനം പിടിച്ച ശേഷമാണ് ഛേത്രിയുടെ മടക്കം.
ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യൻ ടീമിൽ ഛേത്രി ഏകനായിരുന്നു, വേണ്ടത്ര പിന്തുണ നൽകാൻ പ്രാപ്തിയുള്ള കളിക്കാരുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ വേറെ ലെവലിൽ എത്തേണ്ട താരം.“അനുഗാമിയില്ലാത്ത പഥികാ, തുടർന്നാലും ഇടറാതെ നിൻ ധീരഗാനം’’ മധുസൂദനൻ നായരുടെ കവിതയായ ഗാന്ധിയിലെ ഈ വരികൾ ഛേത്രിയുടെ കളിജീവിതത്തെ ധ്വനിപ്പിക്കുന്നതാണ്.
കളിക്കാരനെന്ന നിലയിൽ ഇനി മൈതാനങ്ങളിൽ കാണാനാവില്ലെങ്കിലും ഇന്ത്യൻ ഫുട്ബോളിന് ഇനിയും ഛേത്രിയെ ആവശ്യമാണ്. ഒരിക്കൽ കൈയെത്തും ദൂരത്ത് നഷ്ടമായ ലോകകപ്പ് സ്വപ്നങ്ങൾ മനസിൽ പേറി ജീവിക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ അവരെ സഹായിക്കാനുള്ള ബാധ്യതയിൽനിന്ന് ഛേത്രിക്ക് ഒഴിഞ്ഞു മാറാനുമാവില്ല. ആ ലാസ്റ്റ് ഡാൻസ് കാണുന്നതിനു വേണ്ടി സാൾട്ട് ലേക്കിലേക്ക് ജനം ഒഴുകുമെന്നുറപ്പ്.