സീമ മോഹന്‍ലാല്‍
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സുനില്‍ ജലീലിന്റെ ഫോണിലേക്ക് ഒരു കോളെത്തി.
“മാമംഗലത്തു നിന്നാണ് വിളിക്കുന്നത്. വീട്ടില്‍ ഒരു പാമ്പ് കയറിയിട്ടുണ്ട്. ആ പാമ്പിനെ പിടിക്കണം സര്’. ഉടന്‍ എത്താമെന്നു പറഞ്ഞ് സുനില്‍ ഫോണ്‍ കട്ട് ചെയ്തു.
ആ വീട്ടിലേക്കുള്ള യാത്രയില്‍ ആ ഗൃഹനാഥന് സുനിലിനെ വീണ്ടും വിളിച്ചു.”സര് ആദ്യം വിളിച്ചപ്പോള്‍ ഒരു കാര്യം പറയാന്‍ മറന്നുപോയി.
ഞങ്ങള്‍ എല്ലാവരും കോവിഡ് ബാധിതരാണ്. ഹോം ക്വാറന്റൈന് ആണ്.’ പക്ഷേ, വനം വകുപ്പിന്റെ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരനായ സുനില്‍ അതിലൊന്നും പകച്ചില്ല.
ആ വീട്ടിലുള്ളവര്‍ ഫോണിലൂടെ നിര്‍ദേശം നല്കി. അതുപ്രകാരം വര്‍ക്ക് ഏരിയയില്‍ മറഞ്ഞിരുന്ന വില്ലൂന്നി ഇനത്തില്‍പ്പെട്ട പാമ്പിനെ പിടികൂടി മംഗളവനത്തില്‍ ഏല്‍പ്പിച്ചു.
അവിടെ നിന്ന് കോടനാട്ടേക്ക് പാമ്പിനെ കൈമാറി. “പാമ്പിനെ കൈകാര്യം ചെയ്യുന്ന അതീവ ശ്രദ്ധയോടെയാണ് വീട് കൈകാര്യം ചെയ്തത്. വീട്ടുകാരോട് മുറിക്കുള്ളില്‍ തന്നെയിരിക്കാന്‍ പറഞ്ഞു.
അവര്‍ ഫോണിലൂടെ തന്നെ നിര്‍ദേശമനുസരിച്ചാണ് വിഷമില്ലാത്ത വില്ലൂന്നി എന്ന ഇനത്തിലെ പാമ്പിനെ പിടിച്ചത്’ കൊച്ചി സിറ്റി പോലീസിലെ ലൈസന്‍സുള്ള പാമ്പ് പിടിത്തക്കാരനായ സുനില്‍ ജലീല്‍ പറഞ്ഞു.
വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെ നൂറിലധികം പാമ്പുകളെ സുനില്‍ ഇതുവരെ പിടികൂടിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇദേഹം.
ആദ്യ പാമ്പ്പിടുത്തം കടവന്ത്ര സ്റ്റേഷന് പരിധിയില്‍
2008ല്‍ എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സുനില്‍ ആദ്യമായി പാമ്പിനെ പിടികൂടിയത്.
സ്റ്റേഷന് പരിധിയിലെ ഒരു വീട്ടില്‍ കയറിയ പത്തു കിലോ തൂക്കംവരുന്ന പെരുമ്പാമ്പിനെയാണ് അന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് വനംവകുപ്പിന് കൈമാറിയത്.
തുടര്‍ന്ന് വീടുകളിലും കടകളില്‍ നിന്നുമൊക്കെയായി വിഷപാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയെ പിടികൂടി. ഇടപ്പള്ളി, മാമംഗലം, മറൈന്‍ഡ്രൈവ് വാക് വേ, ഹൈക്കോര്‍ട്ട് ജംഗ്ഷന്, കതൃക്കടവ്, വൈപ്പിന്‍, പച്ചാളം എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം പാമ്പുകളെ പിടികൂടി ഇദേഹം വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
പിടികൂടാന്‍ ബാഗ് ആന്‍ഡ് പൈപ്പ് മെഥേഡ്
വനംവകുപ്പിന്റെ പരിശീലനം ലഭിച്ചതോടെ ബാഗ് ആന്‍ഡ് പൈപ്പ് മെഥേഡിലൂടെയാണ് സുനില്‍ പാമ്പുകളെ പിടികൂടുന്നത്. ഇതിനായി സഞ്ചികളും മൂന്ന് ഹുക്കുകള്‍ അടങ്ങിയ ബാഗും വനംവകുപ്പ് നല്‍കിയിട്ടുണ്ട്.
പൈപ്പിന്റെ അറ്റത്താണ് സഞ്ചി കെട്ടിയിരിക്കുന്നത്. സ്നേക്ക്പീഡിയ(Snakepedia), വനംവകുപ്പിന്റെ സര്‍പ്പ(sarpa) എന്നീ ആപ്പുകള്‍ പാമ്പുകളെ അറിയാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായകമാണെന്നും സുനിൽ പറയുന്നു.
പോലീസ് സേനയില്‍ നിന്ന് സുനിലിന് പിന്തുണ ലഭിക്കുന്നുണ്ട്. ഭാര്യ സിബിലയും മക്കളായ ആസാദ്, അസ്ഹർ എന്നിവരും പിന്തുണ നൽകുന്നു.