ചങ്ങനാശേരി: സ്വർണാപഹരണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് ചോദ്യം ചെയ്ത പുഴവാത് ഇല്ലംപള്ളിൽ ഇടവളഞ്ഞിയിൽ സുനിൽകുമാർ(34), ഭാര്യ രേഷ്മ(24) എന്നിവർ ജീവനൊടുക്കിയ സംഭവത്തിൽ പരാതിക്കാരനും സ്വർണപ്പണിശാല ഉടമയും മുനിസിപ്പൽ കൗണ്സിലറുമായ ഇ.എ. സജികുമാറിനെ പോലീസ് ചോദ്യം ചെയ്തു.
കേസ് അന്വേഷണ ചുമതലയുള്ള പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സുനിൽകുമാറിനേയും കൂടെയുള്ള സ്വർണപ്പണികാരൻ രാജേഷിനേയും ചോദ്യം ചെയ്തിട്ടേയുള്ളുവെന്നും എസ്ഐ മർദിച്ചിട്ടില്ലെന്നുമാണ് സജികുമാർ മൊഴി നൽകിയിരിക്കുന്നത്.
തന്റെ സ്വർണ പണിശാലയിൽ നിന്നു സ്വർണം അപഹരിച്ച് വില്പന നടത്തുന്നതായി ഏതാനും ദിവസംമുന്പ് സജികുമാറിന് ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണപ്പണിശാലയിലെ ജീവനക്കാരായ സുനിൽകുമാറിനോടും രാജേഷിനോടും സജികുമാർ ചോദിക്കുകയും നഷ്ടമായ സ്വർണത്തിനു പകരം സ്വർണമോ പണമോ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് നാനൂറു ഗ്രാം സ്വർണം മോഷണം പോയതായി കാണിച്ച് സജികുമാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയത്.
ഇനിയും ഈ ഊമക്കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. സുനിൽകുമാറിനേയും രാജേഷിനേയും പോലീസ് സ്റ്റേഷനിൽ എസ്ഐ ഷെമീർ ഖാൻ ചോദ്യം ചെയ്ത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, വിവിധ ആവശ്യങ്ങൾക്കെത്തിയവർ, സെല്ലിലുണ്ടായിരുന്ന പ്രതികൾ എന്നിവരിൽ നിന്നു പോലീസ് മൊഴി രേഖപ്പെടുത്തും.
എസ്ഐ ഇവരെ മർദിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് അന്വേഷണ സംഘം ഈ രീതി പ്രയോഗിക്കുന്നത്. സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് അന്ന് സ്റ്റേഷനിലെത്തിയവരെക്കുറിച്ച് അറിയാനാകുമെന്നാണ് പോലീസ് പറയുന്നത്.