ഇരിങ്ങാലക്കുട: സംസ്ഥാനത്തെ പുരോഗതിയിലേക്കു നയിക്കുന്നതിനാവശ്യമായ നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുകയാണെന്നും, പാർട്ടികളുടെ വ്യത്യസ്ഥ നിലപാടുകൾ മുന്നണി ബന്ധത്തെയും സർക്കാരിന്റെ ഐക്യത്തെ ബാധിക്കുകയില്ലെന്നും മന്ത്രി വി.എസ്. സുനിൽകുമാർ .
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി സുനിൽകുമാർ. എൽഡിഎഫിന്റെ ഇടതുപക്ഷ നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ സിപിഐയുടെ സംഘടനാപരമായ കരുത്ത് വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സി.എൻ. ജയദേവൻ എംപി, കെ.കെ. വത്സരാജ്, ടി.ആർ. രമേഷ്കുമാർ, ഷീല വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
കെ. ശ്രീകുമാർ ഭാസ്കരൻ മാസ്റ്റർ അനുസ്മരണ പ്രസംഗം നടത്തി. ടി.കെ. സുധീഷ് ഭാരവാഹി പാനൽ അവതരിപ്പിച്ചു. എൻ.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.എസ്. ബൈജു, കെ.കെ. ശിവൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.എസ്. ഗംഗാധരൻ, അൽഫോണ്‍സ തോമസ്, കെ.സി. ബിജു എന്നിവരുടെ പ്രസീഡിയം അധ്യക്ഷത വഹിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റിയെയും 32 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ജില്ലയിൽ തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുള്ള റവന്യൂ ഡിവിഷണൽ ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിലായിരിക്കണമെന്നും എത്രയുംവേഗം ആർഡിഒ ഓഫീസ് പ്രവർത്തനം ആരംഭിക്കണമെന്നും മണ്ഡലം സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. പുതിയ മണ്ഡലം സെക്രട്ടറിയായി പി. മണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.