തൃശൂർ: തോമസ് ചാണ്ടി വിഷയത്തിന്റെ പേരിൽ ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടുമുറിയിൽ തപ്പുകയാണു മാധ്യങ്ങളെന്നു കൃഷി മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാർ. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതിരുന്നതിനെച്ചൊല്ലി കൂടുതൽ വിവാദങ്ങൾക്കില്ലെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പറയാനുള്ളതു പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്.
സിപിഎമ്മിനു പറയാനുള്ളത് അവരുടെ നേതാക്കളും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കു മന്ത്രിമാരിലും മന്ത്രിമാർക്കു മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഇടതുമുന്നണിയും സർക്കാരും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. എന്നാൽ, സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു വരുത്തിത്തീർക്കാനാണു ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. പ്രതിപക്ഷം കലക്കുവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ്. അതു നടപ്പില്ല: സുനിൽകുമാർ പറഞ്ഞു.