നിരണം:നാളികേരത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള വലിയ സാധ്യത വൻവ്യവസായികൾ കൈയടക്കും മുന്പ് കേരളത്തിലെ കൃഷിക്കാർ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിരണം കാട്ടുനിലം സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കർഷകർക്ക് സർക്കാർ നൽകും.
സാങ്കേതികവിദ്യ ചെലവേറിയതായതിനാൽ കർഷകർക്ക് നേരിട്ട് വാങ്ങുന്നതിന് സാധിക്കില്ല.ഇതിനാവശ്യമായ ബജറ്റ് പ്രൊവിഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാർഷിക മേഖലയുടെ വളർച്ചയ്ക്കായി വിവിധ പദ്ധതികളും വകുപ്പുകളും തമ്മിൽ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി വിലയുടെ കാര്യത്തിൽ ഇടപെടാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സാധാരണയിൽനിന്നു വ്യത്യസ്തമായി പച്ചക്കറി വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനതകിറ്റ് പുറത്തിറക്കാൻ ഹോർട്ടികോർപ്പിന് നിർദേശം നൽകി. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി 50 രൂപയുടേയും 100 രൂപയുടേയും കിറ്റുകളാക്കി ലഭ്യമാക്കും. രണ്ടു ദിവസത്തനകം ഇത് ആരംഭിക്കും.
കാർഷിക പദ്ധതികൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കർഷകർക്ക് കഴിയണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാൻ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി. ജയൻ, വിക്ടർ ടി. തോമസ്, ഫ്രാൻസിസ് വി. ആന്റണി, കെ.ജി.രതീഷ്, അലക്സാണ്ടർ കെ. സാമുവൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷൈല ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോയിസി കെ. കോശി, മനു നരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.