മുളങ്കുന്നത്തുകാവ്: പുതുതലമുറയിലെ ഡോക്ടർമാർക്കിടയിൽ ആദർശാധിഷ്ഠിതമൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ അഭിപ്രായപ്പെട്ടു. ആരോഗ്യ സർവകലാശാലയിൽ പുതിയതായി നിർമിക്കുന്ന അഞ്ചു കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള പുസ്തക-അലവൻസ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയിൽപ്പെട്ട ഡോക്ടർമാർ ഗ്രാമീണ സേവനത്തിനു തയാറാകാത്തതു വൈദ്യമേഖലയോടുള്ള അവഹേളനമാണെന്നു സൂചിപ്പിച്ച മന്ത്രി, സാമൂഹ്യ ബോധമില്ലാത്ത സമൂഹമായി വൈദ്യവിദ്യാർഥികൾ മാറിക്കൊണ്ടിരിക്കുന്നതിലേക്കും അവർക്കിടയിലെ പൊതുവിജ്ഞാനത്തിന്റെ അഭാവത്തിലേക്കും വിരൽ ചൂണ്ടി.
കേരളത്തിൽ ചിലർ കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള പനിഭീഷണിയോ ആരോഗ്യപ്രശനങ്ങളോ ഇല്ല. പനിയും പനിമരണങ്ങളും വ്യാപകമാണെന്ന പ്രചാരണം മരുന്നുകന്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണെന്നു മന്ത്രി അഭിപ്രായ പ്പെട്ടു. ആരോഗ്യസർവകലാശാലയിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാടെടുക്കുമെന്നു മന്ത്രി അറിയിച്ചു.
വൈസ്ചാൻസലർ ഡോ. എം.കെ.സി. നായർ അധ്യക്ഷത വഹിച്ചു. പി.കെ. ബിജുഎംപി, അനിൽ അക്കര എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, പ്രൊ വൈസ്ചാൻസലർ ഡോ. എ. നളിനാക്ഷൻ, രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പരീക്ഷ കണ്ട്രോളർ ഡോ. പി.കെ. സുധീർ, ഫിനാൻസ് ഓഫീസർ രാജേഷ്, സർവകാശാല യൂണിയൻ ചെയർമാൻ സഞ്ജയ് മുരളി, ജില്ലാ പഞ്ചായത്തംഗം സുരേഷ്ബാബു, സർഗ പ്രസിഡന്റ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.