കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകനും, വാഗ്മിയും, എഴുത്തുക്കാരനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ ഓഫീസ് അക്രമിച്ച പരാതിയിൽ മൂന്നു പേരെ കാലടി പോലീസ് ചോദ്യം ചെയ്തു. സർവകലാശാലയിലെ വിദ്യാർഥികളെയാണ് പോലീസ് ചോദ്യം ചെയ്തത്.
ഇവരിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്തതിനുശേഷം മൂന്നു പേരെയും വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് കാലടി സിഐ സജി മാർക്കോസ് പറഞ്ഞു. കൂടാതെ സർവകലാശാലയിലെ സീസീടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
എംഫിൽ പരീക്ഷ നടക്കുന്നതിനാൽ സർവകലാശാലയിൽ ക്ലാസ് ഇല്ലാതിരുന്നതിനാൽ വിദ്യാർഥികളും ഉണ്ടായിരുന്നില്ല. പുറത്തു നിന്നുള്ള ആരെങ്കിലും സർവകലാശാലയിൽ എത്തിയോയെന്ന് പരിശോധിക്കുന്നുണ്ട്. വിവാദമായ പരാമർശത്തെ തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ ഭീഷണിക്കു പിന്നാലെ ഇന്നലെ ഡോ. സുനിൽ.പി.ഇളയിടത്തിന്റെ ഓഫീസിന്റെ വാതിലിൽ മൂന്ന് ക്രോസ് ചിഹ്നങ്ങൾ വരച്ചിരുന്നു.
കൂടാതെ മറ്റു അധ്യാപകരുടെ പേരിനൊപ്പം സ്ഥാപിച്ചിരുന്ന നെയിംബോർഡും എടുത്തു മാറ്റിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ 11 ന് ഓഫീസിലെത്തിയ സഹ അധ്യാപകരാണ് ആദ്യം കണ്ടത്. ഉടനെ സർവകലാശാല അധികൃതരെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. കൂടാതെ കാന്പസിലുളള എസ്എഫ്ഐയുടെ കൊടിതോരണങ്ങളും കത്തിച്ചിരുന്നു. കാലടി സിഐ സജി മാർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.