കോഴിക്കോട്: സൈബറാക്രമണത്തെ ചെറുക്കാൻ പോലീസ് നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനിൽ പി.ഇളയിടം.
നിയമനിർമാണം സ്വാഗതാർഹമാണെന്നും എന്നാൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തയും ഇല്ലാതാക്കുന്ന നിലയിലാകരുതെന്നും പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം 118 എയ്ക്കെതിരെ വിമർശനമുന്നയിച്ചത്. ശബരിമല, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷത്തിന് വേണ്ടി ശക്തമായ പ്രതിരോധം തീർത്തവരിൽ മുന്നിലുണ്ടായിരുന്ന സുനിൽ പി. ഇളയിടത്തിന്റെ ഈ വിമർശനം ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂ പം
സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 എ) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്.
നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്.
എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്.
അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം. ’ – സുനിൽ പി.ഇളയിടം ഫെയ്സ്ബുക്കിൽ കുറിച്ചു.