കോട്ടയം: സ്വർണാപഹരണക്കേസിൽ ചങ്ങനാശേരി പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചശേഷം വിഷം ഉള്ളിൽ ചെന്നു മരിച്ച സുനിലിന്റെ ശരീരത്തിൽ മർദനമേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം ഡിസിആർബി ഡിവൈഎസ്പി പ്രസന്നൻ പടന്നയിൽ.
പുഴവാത് ഇല്ലന്പള്ളി സുനിൽ, ഭാര്യ രേഷ്മ എന്നിവരുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സുനിലനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനത്തിൽ കയറ്റുന്പോൾ ഉണ്ടായതാണു കഷത്തിനു താഴെയുള്ള പാടുകളെന്നും പോലീസ് സംശയിക്കുന്നു.
ഇരുവരുടെയും ശരീരത്തിൽ മുറിവുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ലെന്നു വിഷം ഉള്ളിൽ ചെന്നാണു മരണം സംഭവിച്ചിരിക്കുന്നതെന്നും മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയോള്ളു.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിആർബി ഡിവൈഎസ്പി പ്രസന്നൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഈ ദൃശ്യങ്ങളിൽ നിന്നും സുനിലിനെയും രേഷ്മയെയും ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള കൃത്യമായ വിവരം പോലീസിനു ലഭിക്കും.കേസുമായി ബന്ധപ്പെട്ടുള്ള അന്തിമ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു സമർപ്പിക്കും.