പത്തനംതിട്ട: മഹാപ്രളയത്തിൽ വീടു തകർന്നവരുടെ പുനരധിവാസ പദ്ധതികൾ സർക്കാർതലത്തിൽ ഇഴയുന്പോൾ ഒരു ദിവസം നാലു വീടുകൾ കൂടി പൂർത്തീകരിച്ച് പ്രളയബാധിതർക്കു സമ്മാനിച്ച് ഡോ.എം.എസ്. സുനിൽ മാതൃകയായി. നേരത്തെ മൂന്ന് വീടുകൾ പ്രളയബാധിതർക്കു ടീച്ചർ പൂർത്തീകരിച്ചു നല്കിയിരുന്നു. ഇന്നലത്തെ നാല് വീടുകളുടെ താക്കോൽദാനം കൂടി കഴിഞ്ഞതോടെ ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള വീടുകളുടെ എണ്ണം 125 ലെത്തി.
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആറന്മുളയിലെ എഴിക്കാട് കോളനിയിലാണ് ഇന്നലെ സുനിൽ ടീച്ചറുടെ മൂന്ന് വീടുകൾ പൂർത്തീകരിച്ചു നൽകിയത്. ഇതോടൊപ്പം പായിപ്പാട്ട് ഒരു കുടുംബത്തിനും വീട് ലഭിച്ചു. ഷിക്കാഗോയിലെ കലാക്ഷേത്രയുടെ സഹായത്തിൽ മൂന്നുലക്ഷം രൂപ വീതം ചെലവഴിച്ചുള്ള വീടുകളാണ് നിർമിച്ചിട്ടുള്ളത്. രണ്ട് മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും ഇതോടൊപ്പം ഉണ്ട്.
ജില്ലയിൽ ഏറ്റവുമധികം വീടുകൾ തകർന്ന എഴിക്കാട് കോളനിയിൽ പുനർനിർമാണം ആദ്യം പൂർത്തീകരിച്ചതും ഡോ. സുനിലിന്റെ നേതൃത്വത്തിലാണ്. വിവിധ സന്നദ്ധസംഘടനകളുടെ സഹായത്താലാണ് എഴിക്കാട് കോളനിയിലെ വീടുകളുടെ നിർമാണം. എഴിക്കാട് കോളനിയിൽ ശ്മശാനത്തിനു സമീപം ബ്ലോക്ക് 139ൽ ഷെഡിൽ കഴിഞ്ഞിരുന്ന സുനിതാ കുമാരി, ടി.ആർ. ശുഭ, എസ്. ഷൈബി എന്നീ കുടുംബങ്ങൾക്കും പായിപ്പാട്ടെ മുണ്ടുകോട്ട പുതുക്കാട്ടുചിറ തോമസിനുമാണ് ഇന്നലെ വീടുകൾ ലഭിച്ചത്.
വീടുകളുടെ താക്കോൽദാനം കലാക്ഷേത്ര സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ അജി ഭാസ്കരൻ നിർവഹിച്ചു. ഗോപി മാധവൻ, വാർഡ് മെംബർ സൂസൻ ശാമുവേൽ, കെ.വി. ജോർജ്, കെ.പി. ജയലാൽ, ഫാ.ബി.റ്റി. ജെയിംസ്, ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.എഴിക്കാട് കോളനിയിലേതുൾപ്പെടെ കോഴഞ്ചേരി താലൂക്കിൽ 132 വീടുകളാണ് പൂർണമായി തകർന്നിട്ടുള്ളത്.
ഇതിൽ 69 വീടുകളുടെ പുനർനിർമാണമാണ് നടക്കുന്നത്. ഇതിൽ 39 പേരാണ് സർക്കാർ ധനസഹായത്തോടെ വീടുകൾ നിർമിക്കുന്നത്. മറ്റുള്ളവർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തിലാണ് വീടു നിർമാണം നടത്തുന്നത്. സർക്കാർ ധനസഹായം നാലു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതിൽ ആദ്യഗഡുവായി നൽകിയിരിക്കുന്നത് 95,100 രൂപയാണ്. 16 പേർ രണ്ടാംഗഡുവും കോഴഞ്ചേരി താലൂക്കിൽ കൈപ്പറ്റി.