പേരാന്പ്ര: സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിൽ നിന്നു വായ്പയെടുത്തു വീടു പണി പൂർത്തിയാക്കാൻ ശ്രമിച്ച ദളിത് കുടുംബം വീടുപണി പൂർത്തിയാകും മുമ്പെ പുറത്തായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിൽ പെട്ട കൈപ്രം കുന്നമംഗലത്ത് സുനിൽകുമാറും (42) കുടുംബവുമാണു ജപ്തി നടപടിയെ തുടർന്നു പടിക്കു പുറത്തായത്.
മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസിൽ നിന്നു 2014ൽ സുനിൽ കുമാർ 1,60,000 രൂപ വായ്പയെടുത്തു. ഇതിൽ 10,000 രൂപ ഇൻഷ്വറൻസ് പരിരക്ഷയ്ക്കായി പിടിച്ച ശേഷം 1,50,000 രൂപയാണു ലഭിച്ചത്. വീടിന്റെ മെയിൻ സ്ലാബിന്റെ പണിക്കേ ഈ തുക തികഞ്ഞുള്ളൂ.
വീടുപണി പാതിവഴിയിലാണെങ്കിലും വായ്പ തുകയിൽ 25,000 രൂപ ഫിനാൻസ് കമ്പനിക്കു തിരിച്ചടച്ചു. തുടർന്നുള്ള വായ്പ തുക ഗഡുക്കൾ കുടിശികയായതോടെ ധനകാര്യ സ്ഥാപനം നിയമനടപടി ആരംഭിച്ചു. 3,45,000 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികൾ സുനിൽ കുമാറിനെ സമീപിച്ചു. അതേ സമയം 2,25,000 രൂപ നൽകാമെന്നു സുനിൽ പറഞ്ഞു. എന്നാൽ കമ്പനി ഇതിനു തയാറായില്ല.
ശനിയാഴ്ച വൈകീട്ടു കോടതി ഉത്തരവുമായി വന്നു കുടുംബത്തെ വീട്ടിൽ നിന്നു പുറത്താക്കി. കാവലും ഏർപ്പെടുത്തി. വൈകീട്ടു ജോലി കഴിഞ്ഞെത്തിയ സുനിൽ കുമാർ ഭാര്യയും രണ്ടു പെൺമക്കളും വീടിനു പുറത്തു വരാന്തയിൽ കരഞ്ഞിരിക്കുന്നതാണു കണ്ടത്. സമീപം കാവൽക്കാരനും. വാതിലില്ലാത്ത വീടിന്റെ മുൻഭാഗം പട്ടിക അടിച്ചു വേലി കെട്ടി പ്രവേശനം തടഞ്ഞാണു കാവൽ ഏർപ്പെടുത്തിയത്. ധരിച്ച വസ്ത്രങ്ങൾ ഒഴികെ മറ്റെല്ലാം അടച്ച വീട്ടിനുള്ളിലായിരുന്നു.
കുടുംബനാഥൻ ഹൃദ്രോഗ ബാധിതനാണ്. കഴിഞ്ഞ പ്രളയകാലത്ത് പണി തീരാത്ത ഈ വീടും മുമ്പ് താമസിച്ച ഷെഡും വെള്ളത്തിൽ മുങ്ങിയിരുന്നു. വീട്ടുപകരണങ്ങൾ ഒലിച്ചു പോയതുൾപ്പടെ അരലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കിലും ഇൻഷ്വറൻ തുക പോലും നഷ്ടപരിഹാരമായി കിട്ടിയില്ല.
പേരാമ്പ്ര ഗ്രാമപഞ്ചായത്തധികൃതരെ വിവരമറിയിച്ചെങ്കിലും വാർഡ് അംഗം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ പറയുന്നു. വിവരമറിഞ്ഞു ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ കെപിഎംഎസ് നേതാക്കളും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തത്തക്കാടനും ധനകാര്യ സ്ഥാപനത്തിന്റെ അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.