കായംകുളം: ആത്മീയ നേതൃത്വത്തിലിരിക്കുന്ന ചിലർ അന്ധമായ അനാചാരങ്ങൾക്കു ചുക്കാൻ പിടിക്കുകയാണെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. കായംകുളം കെപിഎസിയിൽ സംഘടിപ്പിച്ച പ്രഫ. കോഴിശേരി ബാലരാമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം ആത്മീയ നേതാക്കന്മാരുടെ തെറ്റായ നിലപാടുമൂലം നവോഥാന നായകന്മാർ നാടിന് നൽകിയ നേട്ടങ്ങളെ ഇല്ലാതാക്കി നാടിനെ ശിലായുഗത്തിലേക്ക് കൊണ്ടു പോകുകയാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വേറിട്ടു നിൽക്കുന്നത് നവോഥാന നായകരുടെയും കലാസാംസ്ക്കാരിക സാഹിത്യ രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനങ്ങൾ മൂലമാണെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. പ്രഫ കോഴിശേരി ബാലരാമൻ സ്മാരക സാഹിത്യ പുരസ്ക്കാരം സാഹിത്യകാരൻ സി.രാധാകൃഷ്ണനും യുവപ്രതിഭാ പുരസ്ക്കാരം യുവകഥാകാരി സൂര്യാഗോപിയ്ക്കും മന്ത്രി സമ്മാനിച്ചു. ചുനക്കര ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു.
എൻ. സുകുമാരപിള്ള, പ്രഫ.കോഴിശേരി രവീന്ദ്രനാഥ് , എ.ഷാജഹാൻ. പ്രശാന്തൻ, എ.എ. റഹീം, പി.കെ. ഗോപി നഗരസഭ വൈസ് ചെയർപേഴ്സണ് ആർ.ഗിരിജ .ഡോ. കെ.ബി പ്രമോദ് കുമാർ, കുന്പളത്ത് മധുകുമാർ, ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.