തൃശൂർ: രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടർന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാറിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിനും മകനും കോവിഡ് പോസിറ്റീവ് ആയത്.
നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ഇരുവരും ആശുപത്രിയിൽ തുടരും.
മന്ത്രി സുനിൽകുമാറിന് കഴിഞ്ഞ സെപ്റ്റംബർ 23ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി.
കോവിഡ് വാക്സിൻ എടുക്കുന്നതിന് ഇന്ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ടെസ്റ്റ് ചെയ്തതെന്ന് വി.എസ്. സുനിൽകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് മന്ത്രി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്.
നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുമായി സന്പർക്കത്തിൽ വന്നവർ പരിശോധിക്കണമെന്നും, സ്വയം നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി അഭ്യർഥിച്ചു.