നടവയൽ: വല്ലഭന് പുല്ലും ആയുധം എന്ന പഴമൊഴി നാം കേട്ടിട്ടുണ്ടങ്കിലും നടവയലിലെ ഒരു കുടുംബത്തിന്റെ ആയുധം തെങ്ങിൻ ഓലയുടെ ഈർക്കിൽ ആണ്.
വാടക വീട്ടിൽ കഴിയുന്ന പുത്തൻപുരയിൽ സുനിൽകുമാറും കുടുംബവും പക്ഷേ ഈർക്കിൽ കൊണ്ട് ചെറുതും വലുതുമായ കൊട്ടാരങ്ങൾ ആണ് പണിതിരിക്കുന്നത്.
താൻ ഏറെ ആരാധിക്കുന്ന ഗായകൻ യേശുദാസിന് സമ്മാനിക്കാൻ നിർമ്മിച്ച ഈർക്കിൽ വീണയുടെ പണിയും പൂർത്തികരിച്ചിരിക്കുകയാണ് ഈ യുവ കലാകാരൻ.
ഈർക്കിലുകൾ സുനിൽകുമാറിന് ദൗർബല്യമായിട്ട് മൂന്ന് വർഷം കഴിഞ്ഞു. പെയിന്റിംഗ് ജോലിയുടെ ഇടവേളകളിൽ മൂത്ത് പാകമായ തെങ്ങോലകൾ കണ്ടാൽ ചികിയെടുത്ത് ചൂലുപോലെ കെട്ടിവെക്കും ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ ഈർക്കിലുകളുടെ ലോകത്താണ് സുനിൽ കുമാർ. കൂട്ടിന് ഭാര്യ പ്രവിതയും മകൻ ഹരിനന്ദുമുണ്ട്.
ഈർക്കിലും പശയും ഉപയോഗിച്ച് ഈ യുവാവ് നിർമ്മിച്ച വീടുകളുടെ മാതൃകകൾ ഏവരേയും അന്പരിപ്പിക്കും. സംഗീതോപകരണങ്ങളായ വയലിൻ, ഗിറ്റാർ, വീണ എന്നിവയും ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ചതിൽ പെടുന്നു.
ഓരോ സൃഷ്ട്ടിയുടേയും പുറകിൽ ആഴ്ച്ചകളും മാസങ്ങളും നീളുന്ന അധ്വാനവും അർപ്പണവുമുണ്ട്.
കാഴ്ച്ചയിൽ മാത്രമല്ല അകത്തും യഥാർത്ഥ വീടുകളുടെ തനി പകർപ്പാണ് സുനിലിന്റെ ഈർക്കിൽ കൊട്ടാരങ്ങൾക്കുള്ളത്.
മുകൾനിലയിലേക്ക് കയറാനുള്ള പടികൾ മുതൽ ഭക്ഷണം കഴിക്കാനുള്ള ഉൗണ്മേശ വരെ വീടിനകത്തുണ്ട്.
താൻ ഏറെ ആരാധിക്കുന്ന പ്രശസ്ത ഗായകൻ യേശുദാസിന് സമ്മാനിക്കണമെന്ന് ആഗ്രഹിച്ച് നിർമ്മിച്ച വീണയും സൂക്ഷിച്ച് വെച്ചിട്ടുണ്ടന്ന് സുനിൽകുമാർ പറഞ്ഞു.
ഭർത്താവിന് ഈർക്കിലുകളാണങ്കിൽ ഭാര്യ പ്രവിതക്ക് കമുകിൻ പാളയും തെങ്ങിൻ പൂക്കുലയും മുളയുമൊക്കെയാണ് പ്രിയം.
പ്രവിത ഇവ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാര വസ്തുക്കളാണ് വീട് നിറയെ. നിരവധി ആളുകൾ കേട്ടറിഞ്ഞ് സുനിൽകുമാറിന്റെ ഈർക്കിൽ കലാവിരുത് കാണാൻ വീട്ടിൽ എത്തുന്നുമുണ്ട്.