പത്തനംതിട്ട: കാർഷികവായ്പയുടെ പേരിൽ കേന്ദ്രസർക്കാർ നൽകുന്ന കോടി കണക്കിനു രൂപയുടെ ആനുകൂല്യം പറ്റുന്നത് അനർഹരാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. പത്തനംതിട്ട പ്രസ്ക്ലബിൽ ഒഴുക്കിനെതിരെ ഒന്നിച്ച് സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്വർണപണയത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക വായ്പകൾ അനുവദിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ബാങ്കേഴ്സ് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ അനർഹമായി നൽകിയ വായ്പയെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്കിനു കൃഷിവകുപ്പ് പരാതി നൽകും. കാർഷിക വായ്പ കൂടുതലായി നൽകിയെന്നതിന്റെ നേട്ടം സന്പാദിക്കാനുള്ള ബാങ്കുകളുടെ ശ്രമമാണ ്ഇതിനു പിന്നിൽ.
കുറഞ്ഞ പലിശയ്ക്കുള്ള കാർഷിക വായ്പ സ്വർണം ഈടായി നൽകുകയും പത്തു സെന്റ് ഭൂമിയുടെ കരം അടച്ച രസീത് ഹാജരാക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുമെന്ന സ്ഥിതിയുണ്ട്. ഇത് കൈവശപ്പെടുത്തുന്നവരിൽ ഏറെപ്പേരും ഒരു കൃഷിയും നടത്താറില്ല. തന്നെയുമല്ല ഇത്തരത്തിൽ കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തശേഷം ഇതേ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി ലാഭം ഉണ്ടാക്കുന്നവരുമുണ്ട്.
കഴിഞ്ഞവർഷം കാർഷികവായ്പയ്ക്കു കേരളത്തിന് അനുവദിച്ചത് 56,000 കോടി രൂപയാണ്. ഇതിൽ ഹൃസ്വകാല വായ്പയായി 40000 കോടി രൂപയോളം നാല് ശതമാനം പലിശയ്ക്ക് ബാങ്കുകള്‍ അനുവദിച്ചപ്പോള്‍ 33000 കോടി രൂപയും കാര്‍ഷിക സ്വര്‍ണപണയ വായ്പയായിരുന്നു.
6643 കോടി രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കിയിരുന്നു. പുഞ്ചകൃഷിക്ക് കർഷകർക്കാവശ്യമായ വിത്ത് സൗജന്യമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. മണ്ണു കയറിക്കിടക്കുന്ന ഭൂമി ഉപയോഗയോഗ്യമാക്കാൻ ഹെക്ടറിന് 12,200 രൂപ വീതം നൽകാനുള്ള ഒരു പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
എല്ലാ കർഷകരെയും ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി കൃഷിവകുപ്പ് പ്രത്യേക കാന്പെയ്ൻ നടത്തും. ഇൻഷ്വറൻസ് നടപടികൾ ഓൺലൈനാക്കും. നിലവിൽ 30 ശതമാനം കർഷകർ മാത്രമാണ് ഇൻഷ്വറൻസ് പരിധിയിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.