തൊടുപുഴ: അകാലത്തില്‍ വിധി ജീവന് കവര്‍ന്നെടുത്തെങ്കിലും അവയവദാനത്തിലൂടെ മരണത്തെ തോല്‍പ്പിക്കുകയായിരുന്നു സുനില്‍കുമാര്‍. ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാറിന്റെ (45) മനസില്‍ താന്‍ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു.
ശനിയാഴ്ച മരിച്ച സുനില്‍കുമാറിന്റെ അവയവങ്ങള്‍ ഇന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.
പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് സുനില്‍കുമാര്‍ ചെയ്തു വന്നിരുന്നത്. ഇതിനിടെ കടുത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കല്‍ കോളജില്‍ സുനില്‍കുമാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും തിരുവനന്തപുരം ആര്‍ഷ വിദ്യാസമാജം ആശ്രമവുമാണ് ചികിത്സയ്ക്കായി സഹായിച്ചത്.
ശസ്ത്രക്രിയയ്ക്കു ശേഷം സുനില്‍ കുമാര്‍ ജീവിതത്തിലേക്കു തിരിച്ചുവരും എന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ചപ്പോഴാണ് ഫിക്സിന്റെ രൂപത്തില്‍ വീണ്ടും ആരോഗ്യനില വഷളായത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. അവിടെ വച്ച് ഹൃദയാഘാതവും ശ്വാസ തടസവും ഉണ്ടായതിനെത്തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ശനിയാഴ്ച മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
മരണശേഷം അവയവം ദാനം ചെയ്യണമെന്ന ആഗ്രഹപ്രകാരം അധികൃതരുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ അനുമതി വാങ്ങി. എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘമെത്തി ഇന്നലെ വൈകുന്നേരം കണ്ണ്, കരള്‍, കിഡ്നി എന്നിവ സുനില്‍ കുമാറിന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു.
ഇവ ഇനി അര്‍ഹതപ്പെട്ടവരുടെ ശരീരത്തില്‍ തുടിക്കും. പാതിവഴിയില്‍ ഭൂമിയില്‍ നിന്നു വിട പറഞ്ഞ് പോകുമ്പോഴും പ്രധാനപ്പെട്ട അവയവങ്ങള്‍ മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താന്‍ പകുത്തു നല്കുമെന്നുറച്ച സുനില്‍കുമാറിന്റെ തീരുമാനം സമൂഹത്തിനും മാതൃകയായി. അവിവാഹിതനാണ് സുനില്‍കുമാര്‍.
അച്ഛന് കൃഷ്ണന്, അമ്മ : കുമാരി, സഹോദരങ്ങള്‍: അനില്‍കുമാര്‍, പരേതനായ വിമല്‍ കുമാര്‍. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.