തൃശൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ. സർവകലാശാല പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം പടിഞ്ഞാറെകോട്ട കോർപറേഷൻ ബിൽഡിംഗിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശുർ നിയോജക മണ്ഡലം പരിധിയിൽ സർവവകലാശാല കേന്ദ്രത്തിന് അധികം വൈകാതെ മൂന്ന് എക്കർ സ്ഥലം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ചേർപ്പ് എംഎൽഎ ആയിരിക്കുന്പോഴും കൈപ്പമംഗലം എംഎൽഎ ആയിരിക്കുന്പോഴും സ്ഥലം കണ്ടെത്താൻ സാധിച്ചെങ്കിലും പല കാരണങ്ങളാൽ മുന്നോട്ടുപോകാനായില്ല.
എന്നാൽ തൃശൂരിൽ അധികം താമസിയാതെ സർവകലാശാല കേന്ദ്രത്തിന് സ്ഥിരം ആസ്ഥാനമുണ്ടാകുമെന്നും വിപുലീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായി കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു. മേയർ അജിതാ ജയരാജൻ അധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ആമുഖപ്രഭാഷണം നടത്തി.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ജി. ഗോപാലകൃഷ്ണൻ, ഡോ. ടി. മിനി, ഫിനാൻസ് ഓഫീസർ ടി.എൽ. സുശീലൻ, പിടിഎ വൈസ് പ്രസിഡന്റ് ഇന്ദിര ടീച്ചർ, പൂർവ്വവിദ്യാർഥി സംഘടനാ പ്രസിഡന്റ് ഡോ. കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.എം. കൃഷ്ണൻ നന്പൂതിരി സ്വാഗതവും ഡോ. കെ.ആർ. അംബിക നന്ദിയും പറഞ്ഞു. വള്ളത്തോൾ കെ. രവീന്ദ്രനാഥ് ലൈബ്രറിയിലേക്ക് പുസ്തക സമർപ്പണം നടത്തി.