തൃശൂർ: കാര്യാട്ടുകര ഡിവിഷനിൽ എൽതുരുത്ത് റോഡിൽ മെക്കാഡം ടാറിടുന്നതിന്റേയും കാന നിർമിക്കുന്നതിന്റേയും പണികളുടെ ഉദ്ഘാടന ചടങ്ങിൽ വെള്ളക്കെട്ട് ഭീഷണിക്കെതിരേ നാട്ടുകാരുടെ പരാതിപ്രളയം. എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചതിനുപിറകേ കൗണ്‍സിലർ ലാലി ജയിംസാണ് പരാതി ഉന്നയിച്ചത്.
പിറകേ സ്ത്രീകളടക്കമുള്ള നാട്ടുകാരും പരാതികളുടെ കെട്ടഴിച്ചു. എൽതുരുത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമിക്കുന്ന കാന വസന്ത്നഗറിൽ അവസാനിപ്പിച്ചിരിക്കുകയാണ്. വസന്ത് നഗറിൽനിന്നു വെള്ളം ഒഴുകിപ്പോകാനുള്ള കാന നിർമിക്കാൻ റോഡരികിൽ സ്ഥലസൗകര്യമില്ല. മറ്റിടങ്ങളിലെ വെള്ളംകൂടി ഒഴുകിവന്നാൽ വസന്ത് നഗർ, കോച്ചാട്ടിക്കുളം, ജോർദാൻവാലി എന്നിവിടങ്ങളിൽ വെള്ളക്കെട്ടായി മാറും.
താഴ്ന്ന ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നാലുവർഷം മുന്‍പേ ഒഴിവാക്കിയതായിരുന്നു. വീണ്ടും വെള്ളക്കെട്ടുണ്ടാക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്നു സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ പദ്ധതി പുനരവലോകനം നടത്താമെന്നും ആവശ്യമായ തുക അനുവദിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. മേയർ അജിത വിജയൻ, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട തുടങ്ങിയവർ പങ്കെടുത്തു.