മാധവൻകൂട്ടി മാഷ് ഇല്ലാതെ തൃശൂർ പൂരമില്ലായിരുന്നു. പൂരത്തിന്റെ മാത്രമല്ല, മതസൗഹാർദത്തിന്റെകൂടി ആൾരൂപമായിരുന്നു അദ്ദേഹം. ഉള്ളു നിറയെ ന·യും സ്നേഹവും കാരുണ്യവും കൊണ്ടു നടന്ന മനുഷ്യൻ.
തിരുവന്പാടി ദേവസ്വത്തിന്റെ പ്രസിഡന്റ് എന്നതിലുപരി പ്രഫ. എം. മാധവൻകുട്ടി തൃശൂർ നഗരത്തിലെ പൊതുകാര്യ പ്രസക്തനായ ഒരു കാരണവർ കൂടിയായിരുന്നു.
ഏതു കാര്യവും സ്വതഃസിദ്ധമായ ത·യത്വത്തോടും ചിട്ടയോടും കൂടി അതിന്റെ പൂർണതയിൽ ചെയ്തു വിജയിപ്പിക്കാൻ മാഷിനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള അറിവുണ്ട്. ആ അറിവുകളെ ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവുമുണ്ട്. അതാണു മാധവൻകുട്ടി മാഷിനെ വ്യത്യസ്തനാക്കിയത്.
ചേർപ്പിലും പിന്നീട് കയ്പമംഗലത്തും എംഎൽഎ ആയിരുന്ന കാലത്തും മാഷുമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു.
എന്നാൽ, തൃശൂർ എംഎൽഎ ആയി വന്നതിനു ശേഷമാണ് അദ്ദേഹത്തോടൊള്ള ആത്മബന്ധം കൂടുതൽ ദൃഢമായത്. ആ ബന്ധം പിന്നീട് വളർന്ന് വേർപിരിക്കാനാവാത്ത കുടുംബബന്ധമായി മാറി.
തൃശൂർ പൂരവും പൂരപ്രദർശനവുമെല്ലാം മാഷില്ലാതെ പൂർണ്ണമാകാറില്ല. നാലു പതിറ്റാണ്ടായി പൂരം മാഷിന്റെ ബുദ്ധിയിലൂടെയാണു കടന്നുപോയത്.
കഴിഞ്ഞതിനു മുൻപത്തെ പൂരത്തിന് ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് മുതലായ മർമ്മ പ്രധാനമായ കാര്യങ്ങളിൽ ചില ആശങ്കകളും പ്രതിസന്ധികളും ഉണ്ടായി.
അതെല്ലാം പരിഹരിക്കാനും പുരം ഗംഭീരമാക്കാനും മാഷ് മുൻപിൽ തന്നെ ഉണ്ടായിരുന്നു. അതിനായി പലവട്ടം തിരുവനന്തപുരത്തും തൃശൂരും യോഗങ്ങൾ ചേർന്നു. അതിനെല്ലാം മാഷാണു മുൻകൈയെടുത്തത്.
പരിഹാര നിർദേശങ്ങളുടെ ബുദ്ധിയും അദ്ദേഹത്തിന്േറതായിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം മനസിലാക്കാൻ കഴിഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വന്നപ്പോൾ, അടുത്ത പൂരം നമുക്ക് ഗംഭീരമാക്കാം എന്നു പറഞ്ഞാണ് മാഷ് തന്റെ പ്രയാസത്തെ ഒതുക്കിയത്. പക്ഷെ, ഇനി അടുത്ത പൂരത്തിന് മാഷുണ്ടാവില്ലല്ലോ എന്ന സങ്കടം ബാക്കി.
മാഷില്ലാത്ത തൃശൂരും തൃശൂർ പൂരവും തൃശൂരുകാർക്ക് ചിന്തിക്കാനാവില്ല. അക്ഷരസ്ഫുടതയോടെ മുഴങ്ങുന്ന ശബ്ദം ഇനിയില്ല. അതൊക്കെ ഇനി ഓർമ്മകൾ മാത്രമായിരിക്കുന്നു. മാഷ് യാത്ര പറഞ്ഞിരിക്കുന്നു.
എല്ലാ കൊല്ലവും ഓണക്കാലത്ത് എനിക്കുള്ള ഓണക്കോടിയും തിരുവന്പാടി ഉണ്ണിക്കണ്ണന്റെ പാൽപ്പായസവുമായി മാഷ് എത്തുമായിരുന്നു. മാഷ് രോഗബാധിതനായതിനു ശേഷം ഞാൻ പല തവണ അദ്ദേഹത്തെ സന്ദർശിച്ചു.
അവസാനം കണ്ടത് കഴിഞ്ഞ ഓണത്തിനാണ്. രോഗം ഭേദമായി വരുന്നതായും വിശ്രമം അനിവാര്യമായതിനാൽ പുറത്തേക്കൊന്നും ഇറങ്ങുന്നില്ലെന്നും പറഞ്ഞു.
അന്നും കുറേ സംസാരിച്ചു. പിന്നീട്, നേരിൽ കാണാറില്ലെങ്കിലും ഫോണിൽ വിളിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.
പക്ഷെ, മാഷ് ഇത്ര പെട്ടെന്ന് യാത്രയാകും എന്ന് കരുതിയതല്ല. മാഷ് പൂർണ ആരോഗ്യവാനായി വീണ്ടും പൊതുരംഗത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.
മാധവൻകുട്ടി മാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മാഷിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.