ശ്രീകണ്ഠപുരം: കോവിഡ്-19 സ്ഥിരീകരിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവർ പടിയൂർ ബ്ലാത്തൂരിലെ സുനിലിന്റെ മൃതദേഹത്തിൽ നിന്നെടുത്ത സുനിലിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവായതോടെ സുനിലിന് കോവിഡ് ബാധിച്ചിട്ടില്ലെന്നും മരണകാരണം വ്യക്തമാകാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകുമെന്ന് സഹോദരൻ കെ.പി.സുമേഷ് പറഞ്ഞു. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കാണിച്ച് സുമേഷ് നേരത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു.
എന്നാൽ, സുനിലിന്റെ ആദ്യത്തെ രണ്ടുപരിശോധനാഫലവും പോസിറ്റീവ് ആയിരുന്നുവെന്നും മൃതദേഹത്തിൽ നിന്നെടുത്ത പരിശോധനാഫലം മാത്രമാണ് നെഗറ്റീവായതെന്നും ഇത് സാധാരണമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കെ.പി.സുനിലിന്റെ മൃതദേഹത്തിൽ നിന്നെടുത്ത സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലമാണ് നെഗറ്റീവായത്.
സുനിലിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 122 പേരിൽ ഇതുവരെ പുറത്തുവന്ന 110 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
കുടുംബാംഗങ്ങളുടെയും ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെയും സഹപ്രവർത്തകരായ മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും കൂടെ കളിച്ചവർ ഉൾപ്പെടെയുള്ളവരുടെ ഫലമാണ് പുറത്തുവന്നത്.
ദുരൂഹത പുറത്തുവരണമെന്ന് ബിജെപി
കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി. സുനിലിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.
സുനിൽ ചികിത്സയിലായിരിക്കെ പലതരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കുമുമ്പാണ് സുനിലിനെ കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇതുതന്നെ മെഡിക്കല്‍ കോളജിലെ വീഴ്ചയാണു ചൂണ്ടിക്കാട്ടുന്നത്.
മെഡിക്കല്‍ കോളജിലെ പ്രധാന ഡോക്ടര്‍മാര്‍ സുനിലിനെ ചികിത്സിക്കാതെ പിജി വിദ്യാര്‍ഥികളാണു ചികിത്സിച്ചതെന്ന ആരോപണവും നിലവിലുണ്ടെന്നും ബിജു ഏളക്കുഴി ചൂണ്ടിക്കാട്ടി.