മങ്കൊന്പ് : വൃക്കമാറ്റിവയക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായഹസ്തങ്ങളെത്തുന്നതിനും മുൻപേ സുനീഷ് നിത്യതയിലേക്ക് യാത്രയായി. പ്രീയപ്പെട്ടവരുടേയും നാട്ടുകാരുടേയും സ്നേഹത്തിന്റെ നിറവിൽ മരണത്തിനു കീഴടങ്ങിയ സുനീഷ് നീലംപേരൂർ ഗ്രാമപഞ്ചായത്ത് 10 ാം വാർഡ് മാമ്മൂട് വീട്ടിൽ തങ്കപ്പന്റെ മകനാണ്. നീലംപേരൂർഗ്രാമപഞ്ചായത്തിന്റെയും ചങ്ങനാശ്ശേരി പ്രത്യാശയുടേയും നേതൃത്വത്തിലാണ് സുനീഷിനായി നാട്ടുകാർ ഒന്നിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുനീഷ് കഴിഞ്ഞ ഒരു വർഷമായി ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്ന് ചികിൽസയിലായിരുന്നു. വൃക്ക മാറ്റിവച്ചാൽ രക്ഷപെടുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയതോടെ ഭാര്യ സിന്ധു വൃക്ക ദാനം ചെയ്യാമെന്നു സമ്മതിച്ചു.
പക്ഷെ ഓപ്പറേഷനായി ഭാരിച്ച തുക വേണമെന്നത് നിർദ്ധനകുടുംബത്തെ വിഷമത്തിലാക്കി. ഇവരുടെ സാന്പത്തിക ബുദ്ധിമുട്ടുകൾ നാട്ടുകാർ പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയെ അറിയിച്ചു. ഇതെത്തുടർന്ന് ചികിൽസാ സഹായനിധി സാമാഹരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി ഇന്നലെ കിഴക്കേ ചേന്നങ്കരി, ചെറുകര എന്നിവിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
എന്നാൽ യോഗങ്ങൾ നടന്നുകൊണ്ടിരിക്കേ വന്ന ഫോണ്കോൾ നാട്ടുകാരെ ഞെട്ടിച്ചു. ചികിൽസയുടെ ഭാഗമായി സുനീഷിന് ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെയും തിരുവല്ലയിലെ സ്വകാര്യ ആശിപത്രിയിൽ ഡയാലിസിസിന് വിധേയനായിരുന്നു.
ഇതിനിടെ രക്തസമ്മർദ്ദം വർദ്ധിക്കുകയും തലച്ചോറിലേക്കുള്ള ഞരന്പ് പൊട്ടുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
നില അപകടകരമാണെന്നറിഞ്ഞ് അൽപ്പസമയത്തേക്ക് യോഗങ്ങൾ നിർത്തിവച്ചെങ്കിലും, കുടുംബസഹായനിധി രൂപികരിക്കാമെന്ന തീരുമാനത്തോടെ നടപടിക്രമങ്ങൾ തുടരുകയായിരുന്നു.
മുൻനിശ്ചയിച്ച പ്രകാരം ജൂലൈ 15ന് രാവിലെ 8 മുതൽ 2 വരെ നീലംപേരൂർ പഞ്ചായത്തിലെ ഏഴു വാർഡുകളും കാവാലം പഞ്ചായത്തിലെ രണ്ടുവാർഡുകളും ഉൾപ്പെടുന്ന പ്രദേശത്ത് ധനസമാഹരണത്തിനിറങ്ങുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.
തുടർന്നു നാരകത്തറ മൂന്നാം നന്പർ എസ്എൻഡിപി യോഗം ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കുടുംബസഹായനിധി രൂപീകരിക്കും. സുനീഷിന്റെ സംസ്കാരം ഇന്നു രണ്ടിന് നാരകത്തറ ശാന്തിതീരത്ത് നടക്കും. ഭാര്യ സിന്ധു. മകൾ ആര്യ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിയാണ്.