ചാത്തന്നൂർ: വീടിന് സമീപമുള്ള കോവിഡ് പരിശോധനാ ക്യാമ്പിലേക്ക് പോയ യുവതി കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളി കിഴക്കനേല ചാന്നാംപൊയ്ക കുന്നംപുറത്ത് വീട്ടിൽ സോമന്റെയും മണിയുടെയും മകൾ സുനിത( 34) യാണ് മരിച്ചത്.
കല്ലുവാതുക്കൽ പഞ്ചായത്തിലെ കിഴക്കനേല വാർഡിൽപ്പെട്ട ചാന്നാംപൊയ്ക കോളനിയിൽ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു.
വീടിന് സമീപമുള്ള ഈ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തവേ ആയിരുന്നു മരണം. പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സുനിത.
അവശനിലയിലായ സുനിതയെ ബന്ധുക്കൾ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും രോഗം കലശലായതിനെ തുടർന്ന് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി.
ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ പി എച്ച്സിയിലെ ഡോക്ടർ നിർദേശിച്ചെങ്കിലും ഇവർ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.
ഇതിനിടെയാണ് വീടിനടുത്തുള്ള കാർഷിക സേവന കേന്ദ്രത്തിൽ കോവിഡ് പരിശോധനയ്ക്കെത്തിയത്. പ്രത്യേക പരിഗണന നല്കി പരിശോധിക്കാൻ ഒരുങ്ങവേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.