പ്രമുഖ വാര്ത്താവതാരകന് നികേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് സമൂഹമാധ്യമങ്ങളിലെ സജീവ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ സുനിത ദേവദാസ് രംഗത്ത്. പെയ്ഡ് ന്യൂസിനായുള്ള കഠിനാദ്ധ്വാനത്തില്‍ നികേഷിന്റെ ചോര തിളയ്ക്കുകയാണെന്നാണ് തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെ സുനിത പറയുന്നത്. നിങ്ങളിപ്പോള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്നും അതിന്റെ പേര് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുനിത കൂട്ടിച്ചേര്‍ക്കുന്നു. നികേഷ് നടത്തുന്നത് വ്യവസായ ചിന്തയോടെയാണ് നികേഷ് മാധ്യമപ്രവര്‍ത്തനം നടത്തുന്നതെന്നും സുനിത പറയുന്നു.
സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
നികേഷിന്റെ ചോര തിളക്കുന്നു . പെയ്ഡ് ന്യൂസിനായി …നെറികെട്ട മാധ്യമപ്രവര്‍ത്തനത്തിനായി … അന്തസ്സില്ലാത്ത തൊഴിലാളി പീഡനത്തിനായി …എം വി നികേഷ് കുമാര്‍ നല്ലൊരു മാധ്യമപ്രവര്‍ത്തകനായിരുന്നു . അതെ ഭൂതകാലമാണ്. പണ്ട്. തെരെഞ്ഞെടുപ്പിനു മത്സരിച്ചു കിണറ്റില്‍ ചാടിയ നികേഷ് പിന്നീട് അവിടെ നിന്നും കയറി വന്നിട്ടേയില്ല. ഇപ്പോ ആ കിണറ്റില്‍ നിന്നും പെയ്ഡ് ന്യൂസിന്റെയും തൊഴിലാളി പീഡനത്തിന്റെയും പാതാളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് .
റിപ്പോര്‍ട്ടര്‍ ടെലിവിഷനില്‍ ശമ്പളം കൊടുത്തിട്ട് മാസങ്ങളായി. എന്നിട്ടും നികേഷ് ഓരോ ദിവസവും എട്ടു മണിയാവുമ്പോള്‍ കോട്ടുമിട്ട് സ്ക്രീനില്‍ വരും. എന്നിട്ട് കെ എസ് ആര് ടി സി പെന്ഷന് മുടങ്ങുന്നതിലെ നെറികേടും മനുഷ്യാവകാശവും ചര്‍ച്ച ചെയ്യും. സഹപ്രവര്‍ത്തകരുടെ മനുഷ്യാവകാശങ്ങള്‍ കാണാതെ എന്ത് മാധ്യമപ്രവര്‍ത്തനമാണ് നികേഷ് നിങ്ങള്‍ നടത്തുന്നത് ?
സ്ഥാപനം നഷ്ടത്തിലാണെങ്കിലും ശമ്പളം കൊടുക്കാതിരിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് ? തൊഴിലെടുത്താല്‍ ശമ്പളം കൊടുക്കണം . പ്രത്യേകിച്ചും അന്നന്നത്തെ അന്നത്തിനു വേണ്ടി തുച്ഛ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക്…നികേഷ് എന്ന ബിംബത്തോടുള്ള ആരാധന മൂത്ത് മാതൃകാ പത്രപ്രവര്ത്തകരാവാന് വരുന്നവരെ ശമ്പളമില്ലാതെ പണിയെടുപ്പിച്ചു ചൂഷണം ചെയ്യുകയാണ് സത്യത്തില്‍ നികേഷ് ചെയ്യുന്നത് .
ഇന്ത്യ വിഷന്‍ കാലം മുതല്‍ മടങ്ങിയ ചെക്കുകളുടെ ചരിത്രവും നിലവിലുള്ള ചെക്ക് കേസുകളും മറന്നു നികേഷ് എട്ടു മണിക്ക് ചര്‍ച്ച ചെയ്യുന്നു. ബിനോയിയുടെ മടങ്ങിയ ചെക്കിന്റെ ധാര്‍മികതയെ കുറിച്ച് …അവനവനു എന്ത് ധാര്‍മികത അല്ലെ ? എം വി രാഘവന്റെ മകന് എന്ന ഒരൊറ്റ അഡ്രസ്സില്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചതടക്കമുള്ള എല്ലാ സൗഭാഗ്യങ്ങളും നേടിയ നികേഷ് എട്ടു മണിക്ക് ചര്‍ച്ച ചെയ്യുന്നു ‘ എന്താണ് ബിനീഷിന്റെയും ബിനോയിയുടെയും മൂലധനം’ എന്ന് !
വ്യവസായികള്‍ക്ക് എന്ത് ഉളുപ്പ് അല്ലെ ? നികേഷിനു മാധ്യമപ്രവര്‍ത്തനം വ്യവസായമാണ്. എന്നാല്‍ മനഃപൂര്‍വം ചര്‍ച്ചക്ക് എടുക്കാത്ത വിഷയങ്ങളും നികേഷിന്റെ മേശപ്പുറത്തുണ്ട് . സി പി ഉദയഭാനുവിന്റെ കേസ് നികേഷ് ചര്‍ച്ച ചെയ്തു ന്യായാന്യായങ്ങള്‍ കണ്ടെത്തിയത് നിങ്ങള്‍ കണ്ടിരുന്നോ ? എങ്ങനെയായിരുന്നു സി പി ഉദയഭാനു കേസ് റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ച ചെയ്തത് എന്നാരെങ്കിലും ശ്രദ്ധിച്ചിരുന്നോ ? റിപോര്ട്ടറിനത് വാര്‍ത്തയെ അല്ലായിരുന്നു .
എന്താവും കാരണം ?
ഇപ്പോ പുതിയൊരു ബിസിനസ്സിലാണ് നികേഷിന്റെ ശ്രദ്ധ. എട്ടു മണിക്ക് ചര്‍ച്ചയെന്ന പേരില്‍ പെയ്ഡ് സിനിമ ചര്‍ച്ച. മോഹന്‍ലാലിന്റെ മകന് പ്രണവിന്റെ സിനിമ ഇറങ്ങിയപ്പോ ഒരു പെയ്ഡ് ചര്‍ച്ച നടത്തി . ഏതോ ലോകസിനിമയും നടനും ജനിച്ചിരിക്കുന്നുവെന്ന് . അത് കണ്ടപ്പോള്‍ തന്നെ ഈ അന്തസ്സില്ലായ്മ ചൂണ്ടി കാണിക്കണമെന്ന് കരുതിയെങ്കിലും പിന്നീട് കരുതി ‘ ഓ .. ഒരു സിനിമ പ്രൊമോഷനല്ലേ , പോട്ടെ , കഞ്ഞി കുടിക്കാനും ശമ്പളം കൊടുക്കാനും വേണ്ടിയായിരിക്കും’ എന്ന്. എന്നാല്‍ ഇന്നലെ അതിലും വലിയൊരു പെയ്ഡ് സിനിമ ചര്‍ച്ച നികേഷ് നയിക്കുന്നത് കണ്ടപ്പോഴാണ് ഇത് തീരെ ശരിയായ പണിയല്ലല്ലോ . ഇതല്ലല്ലോ മാധ്യമപ്രവര്‍ത്തനം എന്ന് പറയാന്‍ തോന്നുന്നത് .
ഇതാ ഇന്നലത്തെ ചര്‍ച്ചയുടെ ലിങ്ക് . https://www.facebook.com/reporterlive/videos/1966540486721575/?fref=mentions&pnref=story. ഇതൊരു പെയ്ഡ് ചര്‍ച്ച എന്നതിലുപരി വര്‍ഗീയത വിറ്റു കാശാക്കുന്ന പണിയായിപ്പോയി . സത്യത്തില്‍ ഇന്ന് റിലീസ് ആവുന്ന കമലിന്റെ ആമിയെ കുറിച്ച് എന്തെങ്കിലും വിവാദം ഉണ്ടോ ? ഏതെങ്കിലും ഹിന്ദുക്കള്‍ക്ക് അതില്‍ മതവികാരം വ്രണപ്പെടുമോ? ആര്‍ക്കാണ് മാധവിക്കുട്ടിയെ കുറിച്ചൊരു സിനിമ വരുന്നതില്‍ വേവലാതി ? മരിച്ചു പോയ അവര്‍ മതം മാറിയിരുന്നുവെങ്കില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് എന്താണ് ? അവര്‍ ആരെയെങ്കിലും പ്രണയിക്കുകയോ പ്രണയിക്കാതിരിക്കുകയോ ചെയ്താല്‍ നാട്ടുകാര്‍ക്ക് എന്ത് ?
നികേഷ് നിങ്ങളിപ്പോള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമല്ല . മറ്റൊരു പേര് പറയണമെന്നുണ്ട് . വേണ്ട , ഞാനായിട്ട് അത് പറയുന്നില്ല. ദയവു ചെയ്ത പ്രേക്ഷകരെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കുക . ഇനി മാധ്യമപ്രവര്ത്തകനാവില്ല എന്ന് പറഞ്ഞാണ് നികേഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത് . സത്യത്തില്‍ അയാള്‍ പറഞ്ഞത് ശരിയായിരുന്നു . തെരെഞ്ഞെടുപ്പ് വരെയേ നികേഷ് മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുള്ളു . അതിനു ശേഷം ചെയ്യുന്നതൊക്കെ പെയ്ഡ് ജേര്ണലിസമാണ് . എന്നിട്ടും ചെയ്ത ജോലിക്ക് ശമ്പളം കൊടുക്കാതെ സഹപ്രവര്‍ത്തകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നു .
നികേഷ് നിങ്ങള്‍ കണ്ണാടിക്ക് മുന്നില്‍ ഒരു നിമിഷം നില്ക്കുക . എന്നിട്ട് ആലോചിക്കുക. എന്താണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് . തെറ്റുണ്ടെന്ന് തോന്നിയാല്‍ തിരുത്തുക . അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും. ഒരു മാധ്യമപ്രവര്‍ത്തകന്റെ ദാരുണമായ പതനം എന്ന ചവറ്റു കുട്ടയില്‍ . സത്യത്തില്‍ നികേഷ് ഇപ്പൊ ചെയ്യുന്ന നാണം കെട്ട പ്രവൃത്തികള്‍ കണ്ടു എന്റെ ചോര തിളക്കുന്നുണ്ട് . എനിക്ക് തോന്നുന്നു ഇത് മനസ്സിലാക്കുന്ന എല്ലാവരുടെയും ചോര തിളക്കുന്നുണ്ടാവുമെന്നു . ഇല്ലേ ?