സിദ്ദിഖും ജഗദീഷും നായകന്മാരായി അഭിനയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുണ്ട്. ഒരു കാലത്ത് റൊമാന്‍സിനും കോമഡിക്കും പ്രധാന്യം കൊടുത്ത് ഒരുക്കിയ ഇവരുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
അങ്ങനെ വിജയമായി മാറിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ്. 1992 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സാജനായിരുന്നു.
സിദ്ദിഖിന്റെ നായികയായി സുചിത്ര അഭിനയിച്ചപ്പോള്‍ ജഗദീഷിന് നായികയായി സുനിതയെ ആണ് നിശ്ചയിച്ചത്.
എന്നാല്‍ ഷൂട്ടിംഗിന്റെ തലേ ദിവസം സുനിത വരില്ലെന്ന് പറഞ്ഞതോടെ നിര്‍മാതാവ് കലിപ്പിലായി.
അങ്ങനെ നായികയെ അന്വേഷിച്ച് പൊള്ളാച്ചിക്ക് പോയതിനെക്കുറിച്ചും അവിടെ നടന്ന കാര്യങ്ങളും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സംവിധായകന് സാജന്.
ആദ്യം നായികയായി തീരുമാനിച്ചത് സുനിതയെയും സുചിത്രയെയുമാണ്. ജഗദീഷ്, സിദ്ദിഖ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. നവോദയ സ്റ്റുഡിയോയില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടക്കുകയാണ്.
ഇതിന്റെ തലേ ദിവസം വിളിച്ചിട്ട് സുനിത പറയുന്നു, എനിക്ക് വരാന്‍ പറ്റില്ലെന്ന്. താന്‍ പൊള്ളാച്ചിയില്‍ സത്യന് അന്തിക്കാടിന്റെ സിനിമയില്‍ ആണെന്നും രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളുവെന്നും നടി പറഞ്ഞു.
ഇക്കാര്യം നിര്‍മാതാവിനെ വിളിച്ച് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടതൊക്കെ ചെയ്ത് തന്നിട്ടും ഒരു നായികയെ കൊണ്ട് വരാന്‍ പറ്റിയില്ലെങ്കില്‍ നിങ്ങള്‍ എന്റെ സിനിമ സംവിധാനം ചെയ്യേണ്ടെന്ന് പറഞ്ഞു.
അദ്ദേഹം അങ്ങനെ പറയുന്നതില്‍ തെറ്റൊന്നുമില്ല. കാരണം സൂപ്പര്‍സ്റ്റാറുകളെ ഒന്നും കൊണ്ട് വരാന്‍ പറഞ്ഞില്ലല്ലോ. സുനിതയ്ക്കും സുചിത്രയ്ക്കും അഡ്വാന്‍സ് കൊടുത്ത് എഗ്രിമെന്റും എഴുതിവാങ്ങിച്ചതാണ്.
സുനിത വരില്ലെന്ന് അറിഞ്ഞതോടെ ഞാനും മാര്ട്ടിന് പ്രാക്കാട്ടും കൂടി നേരേ പൊള്ളാച്ചിക്ക് പോയി. ഞങ്ങള്‍ എത്തിയത് അറിഞ്ഞതോടെ ആര് വന്നാലും കടത്തി വിടല്ലേ എന്ന് സുനിത റിസപ്ഷനില്‍ വിളിച്ച് പറഞ്ഞു.
ആ കുട്ടി പേടിച്ച് പോയി. റൂമിലേക്ക് ഞങ്ങളെ പ്രവേശിപ്പിച്ചില്ല. പക്ഷേ നിങ്ങളെയും കൊണ്ടേ പോവൂ എന്ന് പറഞ്ഞ് ഞാനും നിന്നു. സിയാദ് കോക്കറാണ് ആ സിനിമയുടെ നിര്‍മാതാവ്.
സര് എന്നെ കൊണ്ട് പോവാന്‍ സംവിധായകന് സാജനും ഗ്രൂപ്പും വന്നിരിക്കുകയാണെന്ന് സുനിത ലൊക്കേഷനില്‍ വിളിച്ച് പറഞ്ഞു. അങ്ങനെ സിയാദ് ഞങ്ങളുടെ അടുത്തെത്തി.
ഐ.വി. ശശിയുടെ സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് സുനിത വന്നത് മൂന്നാല് ദിവസം വൈകിയാണ്. ഇന്നും നാളെയും ഇവിടെ ഷൂട്ടിംഗ് ചെയ്തില്ലെങ്കില്‍ അവിടെയുള്ള പെര്മിഷന് തീരുമെന്നായി സിയാദ്.
ഒടുവില്‍ എസ്.എന്‍. സ്വാമി വഴി നിര്‍മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മറ്റൊരു നായികയെ കൊണ്ട് വരാമെന്ന് ഏറ്റു. അങ്ങനെയാണ് മൈഥിലി എന്ന നടി മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയില്‍ അഭിനയിച്ചതെന്നും സംവിധായകന് പറയുന്നു.
-പിജി