ഹൂസ്റ്റൺ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ബുച്ച് വിൽമറും അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കാലുകുത്തിയതോടെ ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണവിക്ഷേപണം വിജയകരം.
അന്പത്തെട്ടുകാരിയായ സുനിതയുടെ മൂന്നാം ബഹിരാകാശ യാത്രയാണിത്. സുനിത പൈലറ്റും അറുപത്തൊന്നുകാരനായ വിൽമർ കമാൻഡറുമായിരുന്നു.
ബുധനാഴ്ച ഫ്ലോറിഡയിലെ കേപ് കാനവറാളിൽനിന്ന് ഉയർന്ന സ്റ്റാർലൈനർ 26 മണിക്കൂർ യാത്രയ്ക്കുശേഷം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. ഒരിക്കൽക്കൂടി സ്റ്റേഷനിലെത്തിയതിന്റെ ആഹ്ലാദം ഡാൻസിലൂടെയാണ് സുനിത പ്രകടിപ്പിച്ചത്.
സ്റ്റേഷനിലുണ്ടായിരുന്ന അസ്ട്രനോട്ടുകൾ അതിഥികളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. സുനിതയുടെ ഡാൻസിന്റെ വീഡിയോ നാസ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എട്ടു മണിക്കൂർകൊണ്ട് രണ്ടേമുക്കാൽ ലക്ഷം പേരാണ് ഇതു കണ്ടത്.
വിമാനനിർമാതാക്കളായ ബോയിംഗ് കന്പനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയുള്ള ആദ്യ യാത്രയായിരുന്നു ഇത്. സുനിതയും വിൽമറും നാസയുടെ മുതിർന്ന അസ്ട്രനോട്ടുകളാണ്. സുനിത 2006ലും 2012ലുമായി 322 ദിവസം ബഹിരാകാശ സ്റ്റേഷനിൽ കഴിഞ്ഞിട്ടുണ്ട്.