പത്തനംതിട്ട: പ്രളയബാധിതർക്കു വീട് നിർമിച്ചു നൽകാനുള്ള സർക്കാർ നടപടികൾ ഇഴയുന്പോൾ അവിടെയും ഡോ.എം.എസ്. സുനിൽ മാതൃക കാട്ടി. കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് പ്രളയബാധിത കുടുംബത്തിനു നിർമിച്ചു നൽകിക്കൊണ്ടാണ് ടീച്ചർ മാതൃക കാട്ടിയത്.മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കുന്പഴ പുളിമുക്ക് തുണ്ടുവിളയിൽ തങ്കമ്മയ്ക്കാണ് സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിലിന്റെ ഭവനപദ്ധതിയിലെ 112-ാമത്തെ വീട് ലഭിച്ചത്.
ചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബിന്റെ സഹായത്തിലാണ് വീടു നിർമിച്ചത്. വിധവയായ തങ്കമ്മയും മകളും വിധവയുമായ ജലജാമണിയും മൂന്നു കുട്ടികളുമാണ് ഈ വീട്ടിൽ താമസം. കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ വീട് പൂർണമായി നഷ്ടപ്പെട്ടു. വീട് പൂർണമായി വെള്ളത്തിൽ മുങ്ങി.
വെള്ളം ഇറങ്ങിയതോടെ ഭിത്തി തകർന്നൂ വീണു. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ഇവർക്കു കയറിക്കിടക്കാൻ പോലും കൂരയുണ്ടായിരുന്നില്ല. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഈ വിഷയം ഡോ.എം.എസ്. സുനിലിന്റെ ശ്രദ്ധയിൽപെടുത്തുകയും കോസ്മോ പൊളിറ്റൻ ക്ലബിന്റെ സഹായത്തിൽ 3.40 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മുറികളും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന വീട് പൂർത്തീകരിക്കുകയുമായിരുന്നു.
ക്ലബ് മൂന്നുലക്ഷം രൂപയാണ് ടീച്ചറെ ഏല്പിച്ചത്. ബാക്കി പണം ടീച്ചർ കണ്ടെത്തി. ഇതോടെ ജില്ലയിലെ പ്രളയബാധിതർക്കായി നിർമിച്ചു നൽകുന്ന ആദ്യ വീടായി ഇതു മാറി. ഇതിനു മുന്പ് ആലപ്പുഴ ജില്ലയിലെ പാണ്ടനാട്ടും ഒരു വീട് ഡോ.എം.എസ്. സുനിൽ പ്രളയബാധിത കുടുംബത്തിന് അതിവേഗം നിർമിച്ചു നൽകിയിരുന്നു.